കൊച്ചിയിലെ ഒറ്റപ്പെട്ട തുരുത്തുകളെയും ദ്വീപുകളെയും നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി മാസം 22 നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. ആദ്യഘട്ടത്തിൽ വൈറ്റില മൊബിലിറ്റി ഹബും കാക്കനാട് ഇൻഫോപാർക്കുമായിട്ടുള്ള സർവീസായിരിക്കും ആരംഭിക്കുക. ഈ റൂട്ടിലെ ഡ്രെജിംഗ് ജോലികൾ നിലവിൽ പൂർത്തീകരിച്ചതിനാൽ ബോട്ട് സർവീസ് തുടങ്ങുന്നതിനു മറ്റു സാങ്കേതിക തടസങ്ങൾ ഒന്നുമില്ല. ഈ രണ്ടു സ്ഥലങ്ങളിലെയും ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. കെ എം ആർ എൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്കാവശ്യമായ ബോട്ടുകൾ നിർമ്മിച്ച് നൽകുന്നത് കൊച്ചിൻ ഷിപ്യാർഡ് ആണ്. ആദ്യ ഘട്ടത്തിൽ 23 ബോട്ടകളാണ് കരാർ പ്രകാരം കൈമാറാൻ ധാരണ ആയിരിക്കുന്നത്. ആദ്യ ബോട്ട് നീറ്റിൽ ഇറക്കിയ ശേഷം പിന്നാലെ വരുന്ന 4 ആഴ്ചകൾക്കുളിൽ 4 ബോട്ടുകൾ വീതവും അതിനു ശേഷം വരുന്ന 4 ആഴ്ചകൾക്കുള്ളിൽ 5 ബോട്ടുകൾ വീതവും കൈമാറുവാനാണ് ധാരണ ആയിരിക്കുന്നത്. 100 പേർക്ക് വരെ യാത്ര ചെയുവാൻ സാധിക്കുന്ന ഈ ബോട്ടിലെ സീറ്റുകൾ മെട്രോ ട്രെയിനിലെ ഇരിപ്പിടങ്ങൾക്കു സമാനമായ രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. ഇതിൽ 50 സീറ്റുകളിൽ ഇരിപ്പിട സൗകര്യങ്ങളും, വേറെ 50 പേർക്ക് നിന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന രീതിയിലാണ് ഉൾഭാഗം ക്രമീകരിച്ചിരിക്കുന്നത്. ബോട്ടിന്റെ ഏറ്റവും മുൻഭാഗത്ത് ഡിജിറ്റൽ സ്ക്രീനിൽ വിവിധ വിഡിയോകൾ, പരസ്യങ്ങൾ, അറിയിപ്പുകൾ എന്നിവ ഇടവേളകളിൽ വന്നു കൊണ്ടിരിക്കും. ഇതിനു പുറമെ സുരക്ഷാ ഉറപ്പാക്കാൻ നീരിക്ഷണ ക്യാമറകൾ, സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് ടിക്കറ്റ് കളക്ഷൻ ബോക്സ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
യാത്രക്കാരുടെ ഇഷ്ടപ്രകാരം വേണെമെങ്കിൽ ഒരേ ടിക്കറ്റിൽ ബോട്ടിലും തുടർന്ന് മെട്രോ ട്രെയിനിലും യാത്ര ചെയുവാൻ സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്ററ്വും വലിയ സവിശേഷത. കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പൂർണമായും ഉപയോഗപ്പെടുത്തി കൊണ്ട് ജല യാത്ര മാർഗങ്ങളും മെട്രോ ട്രെയിൻ യാത്രയുമായി ബന്ധിപ്പിക്കുന്ന ഈ ഗതാഗത പദ്ധതി ഏഷ്യയിലെ തന്നെ ആദ്യ പദ്ധതിയാണ്. നിലവിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഫെറി സെർവീസുകൾ പൊതുഗതാഗത സൗകര്യങ്ങളുമായി കൂട്ടി യോജിപ്പിക്കാറുണ്ടെങ്കിലും, വൻ മുതൽ മുടക്കോടെ ഉൾനാടൻ ജല ഗതാഗത സംവിധാനത്തെ അത്യധുനിക അതിവേഗ ആകാശ റെയിൽ പദ്ധതിയുമായി കൂട്ടിയോജിപ്പിക്കുന്ന ഒന്ന് രാജ്യത്ത് തന്നെ ഏറെ പുതുമയുള്ള ഒരു സംവിധാനമായി തീരുമെന്നതിൽ യാതൊരു തർക്കവുമില്ല.
നിലവിലെ സാഹചര്യത്തിൽ തയ്യാറാക്കിയിരിക്കുന്ന റൂട്ടുകൾ
1 വൈറ്റില – ഏരൂർ – ഇൻഫോപാർക്
- ഹൈക്കോടതി – എറണാകുളം – തേവര – കുമ്പളം
3 ഹൈക്കോടതി – വൈപ്പിൻ – ഫോർട്ട് കൊച്ചി - ഹൈക്കോടതി – വെല്ലിങ്ടൺ ഐലൻഡ് – മട്ടാഞ്ചേരി
- ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി
- എറണാകുളം – സൗത്ത് ചിറ്റൂർ