കോവിഡും തുടർന്ന് വന്ന നീണ്ട ലോക്ക് ഡൗണും ആദ്യം താഴിട്ടു പൂട്ടിയത് കലാകാരന്മാരുടെ പ്രദർശന ശാലകൾക്കും അവസരങ്ങൾക്കുമായിരുന്നു എന്നത് ഏവർക്കും അറിയാവുന്ന ഒരു വേദനിപ്പിക്കുന്ന സത്യമാണ്. ഇതിനെ തുടർന്ന് വന്ന ഓൺലൈൻ പ്രദർശനങ്ങളും മറ്റും വലിയ തോതിൽ സ്വീകാര്യത ലഭിക്കുവാനുള്ള സാഹചര്യം സൃഷ്ടിച്ചതുമില്ല.
എന്നാൽ കാര്യങ്ങളെല്ലാം പതിയെ മാറുകയാണ്. തിയറ്ററുകളോട് ഒപ്പം തന്നെ ആര്ട്ട് ഗ്യാലറികൾക്കും മറ്റും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയുടെ 49 )മാത് സംസ്ഥാന ചിത്ര – ശിൽപ പ്രദർശനം കൊച്ചി ദർബാർ ഹാളിൽ പുരോഗമിക്കുന്നു. 110 ചിത്രകാരന്മാരുടെയും 24 ശില്പികളുടെയും ആസ്വാദ്യകരമായ സർഗസൃഷ്ടികളുടെ വളരെ വിപുലമായ ഒരു കാഴ്ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സമകാലീന ജീവിതത്തിലെ വിവിധ വിഷയങ്ങളും ആശയങ്ങളും പ്രതികരണങ്ങളുമെല്ലാം വ്യത്യസ്ത അളവുകോലിൽ വളരെ സമർത്ഥമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പ്രദർശനത്തിൽ. അക്കാദമിയുടെ ഇത്തവണത്തെ പുരസ്കാരങ്ങൾ ലഭിച്ചതും ഗൗരവത്തിൽ പരിഗണിച്ചതുമായ കലാസൃഷ്ടികളും അവയോടെക്കെ കിടപ്പിടിക്കുന്നതുമായ സമാന കലാ സൃഷ്ടികളും ഒകെ തന്നെ ഈ പ്രദർശനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പ്രദർശനം നടക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ചിത്രപ്രദർശനം. ഞായർ അവധി.