മുള കൊണ്ട് എന്തൊക്കെ സാധനങ്ങൾ ഉണ്ടാക്കാം? സാധാരണ വിരലിലെണ്ണാവുന്ന കുറച്ചു വസ്തുക്കൾ മാത്രമേ നമ്മൾ പെട്ടെന്ന് ഓർക്കുകയുള്ളൂ. എന്നാൽ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ബാംബൂ ഫെസ്റ് സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് മുളകൾ കൊണ്ട് തീർത്ത കരകൗശലവസ്തുക്കൾ തിങ്ങി നിറഞ്ഞ ഒരു അത്ഭുതലോകമാണ്. സംസ്ഥാന ബാംബൂ മിഷനും കേരള ബ്യുറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും ചേർന്ന് സംഘടിപ്പിക്കുന്ന ബാംബൂ ഫെസ്റ്റ് 2021 വൻ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ് പരമ്പരാഗത ശൈലിയിൽ പായകൊണ്ട് നെയ്ത കുട്ടകൾ, സഞ്ചികൾ എന്നിവ തുടങ്ങി വ്യത്യസ്ത ചുമരലങ്കാരങ്ങൾ, ക്രിസ്തുമസ് നക്ഷത്രങ്ങൾ, സോഫ സെറ്റുകൾ, കസേരകൾ, ടീപ്പോട്ട്, മുളയിൽ തീർത്ത പപ്പടം കുത്തി, ടൈറ്റാനിക് മാതൃകകയിൽ കൂറ്റൻ കടൽ നൗകകൾ, പൂക്കുടങ്ങൾ, ബാഗുകൾ, അസംഘ്യം ഗൃഹാലങ്കാര വസ്തുക്കൾ, അടുക്കള സാമഗ്രികൾ എന്നിങ്ങനെ വൈവിധ്യങ്ങളായ നിരവധി ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പനക്കായി എത്തിച്ചിരിക്കുന്നത്. ഇവക്ക് പുറമെ ഭക്ഷ്യ വസ്തുക്കളായ തേൻ, നെല്ലിക്ക, മുളയരി, എന്നിങ്ങനെയുള്ള വന വിഭവങ്ങളും മേളയിലുണ്ട്. ഇത്രയധികം പ്രകൃതിദത്തമായ കരകൗശല ഉൽപ്പന്നങ്ങളുടെയും മറ്റും സാന്നിധ്യമാണ് മേളയുടെ പ്രധാന ആകർഷണം.
സംസ്ഥാന ബാംബൂ കോർപറേഷൻ, ഫോറസ്ററ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, വനം വകുപ്പ്, കരകൗശല വികസന കോർപറേഷൻ, തുടങ്ങിയവയുടെ നിരവധി സ്റ്റാളുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 200 ൽ പരം കരകൗശല തൊഴിലാളികളും 9 ൽ പരം സ്ഥാപനങ്ങളുമാണ് മറൈൻ ഡ്രൈവിലെ മേളയിലെ മുഖ്യ ആകർഷണം. 20 രൂപയിൽ തുടങ്ങി 5000 രൂപവരെ വിലയുള്ള നിരവധി വസ്തുക്കൾ ഇവിടെ വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. മേള ഡിസംബർ 23 നു സമാപിക്കും. താമസിയാതെ മുള പോലെയുള്ള പരമ്പരാഗത ഉൽപ്പന്നങ്ങളുടെയും മറ്റും വിപണത്തിനായി ഒരു ഓൺലൈൻ പ്ലാറ്റഫോം ആരംഭിക്കുമെന്ന് മേള ഉൽഘാടനം ചെയ്ത മന്ത്രി പി രാജീവ് പ്രസ്താവിച്ചു. ഉൽഘാടന ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ, മേയർ എം അനിൽകുമാർ ബാംബൂ കോർപറേഷൻ എം ഡി അബ്ദുൾ റഷീദ് എന്നവരും സന്നിഹിതരായിരുന്നു.