പ്രണയ കാവ്യത്തിന് കാൽ നൂറ്റാണ്ട്
ഓരോ കാലഘട്ടത്തിലും ഇന്ത്യൻ സിനിമയും ബോളിവുഡും വളർന്നുവന്നത് ആ കാലഘട്ടങ്ങൾക്ക് അനുയോജ്യമായ പ്രണയ കാവ്യങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ്. അത് മുൻധാരണകൾ ഇല്ലാതെ കാലോചിതമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൽനിന്നെല്ലാം ‘ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ’ എന്ന ചലച്ചിത്രം എങ്ങനെ വ്യത്യസ്തമായ ഒരനുഭവമായി മാറി എന്നുള്ളത് ഇന്നും സിനിമ പണ്ഡിതർ പാഠ്യ വിഷയമാക്കി പോരുന്നു. 1995 ഒക്ടോബർ 20 ന് റിലീസ് ചെയ്ത ചിത്രം വാരിക്കൂട്ടിയ റെക്കോർഡുകൾക്കും അഗീകാരങ്ങൾക്കും കണക്കില്ല. അതുവരെ ബോളിവുഡ് കണ്ട ഒരു മഹാത്ഭുതം രമേഷ് സിപ്പി സംവിധാനം ചെയ്ത ‘ഷോലെ’ എന്ന അടിപൊളി മസാല ചിത്രമായിരുന്നു. മുൻപെങ്ങും ഇല്ലാത്തവിധം പണം വാരിയ ആ ചിത്രത്തിൽ തിയറ്ററിൽ ആളെ കൂട്ടാൻ കഴിയുന്ന നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു. സാഹസികരായ രണ്ടു കള്ളന്മാർ, ഒരു ഡ്രീം ഗേൾ, മറ്റൊരു ദുഃഖ പുത്രി, ആരെയും ഭയപ്പെടുത്തുന്ന വില്ലനും സംഘവും, നിസഹനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ, തീ തുപ്പുന്ന തീവണ്ടികൾ, മിന്നൽ കുതിരകൾ എന്നിങ്ങനെ എല്ലാ മസാലക്കൂട്ടുകളും പാകത്തിൽ പരുവപ്പെടുത്തിയെടുത്ത ‘ഷോലെ’ നേടിയ വലിയ വിജയം തീർച്ചയായും അർഹിക്കുന്നത് തന്നെയെന്നു നിസംശയം പറയാം. എന്നാൽ ഇതിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ രീതിയിൽ അണിയിച്ചൊരുക്കിയ ‘ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ’ എന്ന ഫീൽ ഗുഡ് സിനിമ കോടികളുടെ കിലുക്കത്തിനൊപ്പംത്തനെ ഏറ്റവും കാലം ഒരു തിയറ്ററിൽ ഓടിയ ചിത്രം എന്ന ഖ്യാതി കൂടി കൈവരിച്ചപ്പോൾ രചിക്കപ്പെട്ടത് പുതിയൊരു ചരിത്രം കൂടി ആയിരുന്നു. ആ ചരിത്രത്തിന്റെ ഫ്ലാഷ് ബാക്കിലേക്ക്….
ബോളിവുഡിലെ ഏറ്റവും പേര് കേട്ട സംവിധായകനും നിർമ്മാതാവുമായ യാഷ് ചോപ്രയുടെ മകൻ ആദിത്യ ചോപ്ര ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങിയിരുന്ന ഈ ചിത്രത്തിൻറ്റെ തിരക്കഥയും ഗാനങ്ങളും പൂർത്തിയായത് 1994 ൽ ആയിരുന്നു. മുൻപ് പിതാവിനൊപ്പം ചാന്ദിനി, ലാംഹേ, ടർ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തതിന്റെ പ്രവർത്തി പരിചയവുമായാണ് ആദിത്യ ഒരു പ്രണയ കഥക്ക് രൂപം നൽകിയത്. ഒരു വിദേശി – സ്വദേശി പ്രണയവും തുടർന്നുള്ള സംഭവവിസകാസങ്ങളുമാണ് ചിത്രത്തിന് ആധാരം. കഥ യാഷ് ചോപ്ര കുടുംബത്തിന് ഇഷ്ട്ടപ്പെട്ടെങ്കിലും സഹപ്രവർത്തകരിൽ ചിലർ തിരക്കഥ കൂടുതൽ മെച്ചപ്പെടുത്തണമെന്ന അഭിപ്രായം മുന്നോട്ടുവെചതിനെ തുടർന്ന് അമ്മയുടെ സുഹൃത്തും നടിയുമായ പമേല ചോപ്ര സഹായത്തിനെത്തി. പിന്നീട് ജാവേദ് സിദ്ധിഖി, ആനന്ദ് ബക്ഷി തുടങ്ങിയവർ തിരക്കഥ രചനയിൽ സഹായിക്കാനായി മുന്നോട്ടു വന്നു. പിൽക്കാലത്തു ഇത് വലിയ വിവാദങ്ങൾക്കും പിണക്കങ്ങൾക്കും കാരണമായി തീർന്നു. ചിത്രം വലിയ വിജയമായതോടെ ചെറിയ രീതിയിൽ സഹകരിച്ചവർ പോലും തിരക്കഥ രചനയുടെ അവകാശവാദം ഉന്നയിച്ചതാണ് പ്രശ്ങ്ങൾക്കു കാരണമായത്. ഇവരാരും പിന്നീട് യാഷ് ചോപ്ര സിനിമകളുമായി സഹകരിച്ചില്ല എന്നത് മറ്റൊരു യാഥാർഥ്യം.
യാഷ് ചോപ്ര പ്രൊഡക്ഷൻസിന്റ്റെ തന്നെ ‘ടർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു പ്രണയ കഥയുമായി ആദിത്യ ചോപ്ര ഷാരൂഖ് ഖാനെ സമീപിച്ചപ്പോൾ ആദ്യം അതിന് അദ്ദേഹം വഴങ്ങിയില്ല. അന്നദ്ദേഹം ഒരു തുടക്കക്കാരൻ മാത്രമായിരുന്നുവെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിപ്പിച്ചു എന്നൊരു പ്രോഗ്രസ്സ് കാർഡ് കൈയിലുണ്ടായിരുന്നു. ഷോലെ പോലുള്ള ഒരു ആക്ഷൻ ചിത്രത്തിലൂടെ മാത്രമേ തനിക്ക് ഒരു സൂപ്പർ താരമാകാൻ കഴിയുകയുള്ളു എന്നൊരു തെറ്റിദ്ധാരണയിലായിരുന്നു ഷാരൂഖ്. മാത്രമല്ല അങ്ങനെ ഒരെണ്ണം അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. സൂപ്പർ സംവിധായകൻ രാകേഷ് റോഷൻറ്റെ സംവിധാനത്തിൽ അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ‘കരൺ അർജുൻ’ എന്ന ചിത്രത്തിന് ഷോലെയുമായി സമാനതകൾ ഏറെയായിരുന്നു. ആക്ഷൻ, പ്രണയം, പ്രതികാരം എന്നിങ്ങനെ എല്ലാ ചേരുവകളും പാകത്തിന് ഒരുക്കിയ ആ ചിത്രത്തിൽ കൂടെ ജോഡിയായി കാജോളും തുല്യ വേഷത്തിൽ സൽമാൻ ഖാനും, സൽമാന്റെ കാമുകിയായി ഗ്ലാമർ താരം മമത കുൽക്കരണിയും വില്ലനായി അമരീഷ് പുരിയും ഒക്കെ ഉണ്ടായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി റെക്കോർഡിട്ടു. അതായിരിക്കും തന്റ്റെ കരിയറിലെ ഏറ്റവും വലിയ വിജയമെന്ന് ഷാരൂഖും കരുതി. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ദിൽവലയുടെ ചർച്ചകൾക്കായി ആദിത്യ സ്ഥിരം സെറ്റിൽ വന്നു കൊണ്ടിരുന്നത്. ഷാരുഖിൻറ്റെ താല്പര്യമില്ലായ്മ കണ്ട് നല്ല ബുദ്ധി ആദ്യം ഉപദേശിച്ചത് സുഹൃത്ത് സൽമാൻ ഖാൻ ആയിരുന്നു. 1980 കളുടെ അവസാനം ഇറങ്ങിയ ‘മേനേ പ്യാർ കിയ’ എന്ന റൊമാൻറ്റിക് ചിത്രം തൻ്റെ കരിയറിൽ സൃഷ്ടിച്ച മാറ്റത്തെ കുറിച്ച് അദ്ദേഹം ഷാരൂഖിനെ ഓർപ്പിച്ചു. മാത്രമല്ല അതെ ടീമിന്റെ 1993 ൽ പുറത്തിറങ്ങിയ ‘ഹം ആപ്കേ ഹൈ കോൻ’ എന്ന മെഗാ ഹിറ്റ് ചിത്രം അടുത്ത പത്തു വർഷത്തേക്ക് തൻ്റെ സൂപ്പർ താര പദവി സുഭദ്രമാക്കിയതും അദ്ദേഹം വെളിപ്പെടുത്തി. പ്രണയ ചിത്രങ്ങളിലൂടെ മാത്രമേ ബോളിവുഡ് സിംഹാസനം ഉറപ്പിക്കാനാകൂ എന്ന സത്യം അപ്പോഴാണ് ഷാരൂഖ് തിരിച്ചറിഞ്ഞത്. ഇക്കാര്യങ്ങളെലാം ഷാരൂഖ് പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് വെളിപ്പെടുത്തിയത്. എന്നാൽ ‘ഹം ആപ്കേ ഹൈ കോൻ’ ന് തൊട്ടു പിന്നാലെ ഏതാണ്ട് അതേ സ്രേണിയിലുള്ള ഒരു ചിത്രം ചെയുന്നത് ദോഷമാകുമോ എന്ന ഭയം ഷാരുഖിന് ഉണ്ടായിരുന്നു. സൽമാൻ ഖാനുമായി താരതമ്യം വരുമോ എന്ന ചിന്ത അസ്ഥാനത്താണെന്ന് സംവിധായകൻ ആദിത്യ ചോപ്ര ഉറപ്പു നൽകിയതോടെ കാര്യങ്ങൾ വേഗത്തിൽ പുരോഗമിച്ചു.
നായികയായി കാജോളിനെ നേരെത്തെ തന്നെ ആദിത്യ ഉറപ്പിച്ചിരുന്നു. സത്യത്തിൽ ഈ പ്രോജെക്ടിൽ ആദ്യം ഒപ്പു വെച്ചതും ‘എസ്’ മൂളിയതും കജോൾ ആയിരുന്നു. യാഷ് രാജ് പ്രൊഡക്ഷൻസിന്റെ ഒരു ചിത്രത്തിലെ നായിക വേഷം വലിയ അംഗീകാരമാണെന്ന യാഥാർഥ്യം സിനിമ കുടുംബത്തിൽ നിന്നു വന്ന കാജോളിന് ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലായിരുന്നു. മാത്രമല്ല ഷാരുഖിന് ഒപ്പം ചെയ്ത തൻ്റെ ആദ്യ ചിത്രമായ ‘ബാസിഗർ’ ഒരു വലിയ വിജയമായിരുന്നു. പിന്നീട് വന്ന കരൺ അർജുനിലൂടെ ഈ ജോഡി ഏറെ ശ്രദ്ധേയമാവുകയും, ചിത്രത്തിലെ ഗാനങ്ങൾ ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ചോപ്ര കുടുംബത്തിലെ പലർക്കും ജൂഹി ചൗളെയെ നായികയാക്കുന്നതിനോടായിരുന്നു താല്പര്യം. ഷാരൂഖിന്റെ ഭാഗ്യ നായികാ ജൂഹിയാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ഈകൂട്ടുകെട്ടിന്റ്റെ ‘ടർ’, ‘രാജു ബെൻ ഗയാ ജന്റ്റിൽമാൻ’ എന്നീ ഹിറ്റ് ചിത്രങ്ങളായിരുന്നു ആ വാദത്തിന് ആധാരം. എന്നാൽ ആദിത്യ ചോപ്ര നായിക വിഷയത്തിൽ ഉറച്ച തീരുമാനം എടുക്കുകയും പ്രൊജെക്ടുമായി മുന്നോട്ടു നീങ്ങുകയും ചെയ്തു. ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു താരം നായികയുടെ അച്ഛൻ വേഷം ചെയ്ത അമരീഷ് പുരിയുടെ കാര്യമാണ്. സ്ത്രീ പ്രേക്ഷകരെ എപ്പോഴു ഭയപ്പെടുത്തുന്ന വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന അമരീഷ് പുരിക്ക് വലിയൊരു ഇമേജ് മേക്ഓവർ ആണ് ചിത്രം നൽകിയത്. പ്രത്യക്ഷത്തിൽ പരുക്കനും ഉള്ളിൽ ഹൃദയാർദ്രതയുമുള്ള ആ അച്ഛൻ കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയപ്പോൾ പിന്നീടൊരിക്കലും വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതാണ് കൗതുകകരം. ഇതിന് തൊട്ട് മുൻപിറങ്ങിയ ‘കാലാപാനി’ എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻ ലാലിൻറ്റെ കഥാപാത്രത്തെ കൊണ്ട് ഷൂ നക്കി തുടപ്പിക്കുന്ന രംഗം മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല. ആ നെഗറ്റീവ് ഇമേജിൽനിന്നു പൊടുന്നനെ പോസറ്റീവ് കഥാപാത്ര പശ്ചാത്തലത്തിലേക്കാണ് അദ്ദേഹം നയിക്കപ്പെട്ടത്. കലാപാനിക്ക് ശേഷം തേവർ മകൻറ്റെ ഹിന്ദി പതിപ്പായ ‘വിരാസത്ത്’ ഒരുക്കുമ്പോൾ സ്നേഹസമ്പന്നനായ അച്ഛന്റ്റെ റോൾ അമരീഷ് പുരിയെ ഏൽപ്പിക്കാൻ പ്രിയദർശന് അധികം ആലോചിക്കേണ്ടി വന്നില്ല എന്നതാണ് ദിൽവാലെ വരുത്തിയ ഇമ്പാക്ട്.
ചിത്രത്തിന് ഈ പേര് നിർദ്ദേശിച്ചത് മുതിർന്ന നടൻ അനുപം കേറിൻറ്റെ ഭാര്യ കിരൺ ഖേർ ആയിരുന്നു. പരിചയസമ്പന്നനായ ഛായാഗ്രാഹകൻ മൻമോഹൻ സിംഗ് ഒപ്പിയെടുത്ത് അന്നേവരെ ബോളിവുഡ് ശ്രദ്ധിക്കാതിരുന്ന പഞ്ചാബിലെ ഗോതമ്പു പാടങ്ങളുടെ അതിമനോഹര കാഴ്ചകൾ. അതുവരെ ചുരുക്കം ചില മികച്ച ചിത്രങ്ങൾക്ക് മാത്രം സംഗീത സംവിധാനം നിർവഹിച്ചു പോന്നിരുന്ന ജതിൻ – ലളിത് സഹോദരന്മാരുടെ ജീവിതം ഈ ചിത്രം മാറ്റിമറിച്ചു. ഹിന്ദിയിലെ മുൻനിര ഗാന രചയിതാവ് ആനന്ദ് ബക്ഷി പുതിയൊരു ട്രാക്കിൽ നടത്തിയ പരീക്ഷണവും ശ്രദ്ധേയമായി. കടുകട്ടി വാക്കുകൾ ഒഴിവാക്കി യുവത്വത്തെ ആകർഷിക്കുന്ന വരികൾ, പാട്ടുകൾ ഹിറ്റാകുന്നതിൽ ഏറെ സഹായിച്ചു. ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിച്ച ഇന്നത്തെ പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രക്ക് ചിത്രം സമ്മാനിച്ചത് സമാനകളിലാത്ത അംഗീകാരങ്ങൾ. ആരംഭ ഘട്ടത്തിൽ നൃത്ത സംവിധാന ചുമതല സരോജ് ഖാന് ആയിരുന്നെങ്കിലും ആദിത്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്നീട് ഫറാ ഖാൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ‘റുക് ജാ..’ എന്ന് തുടങ്ങുന്ന ഒരേയൊരു ഗാനത്തിന് മാത്രമാണ് ഫറാ ചുവടുകൾ പഠിപ്പിച്ചു കൊടുത്തെങ്കിലും ആ നൃത്തരംഗം ഏറെ ശ്രദ്ധേയമായി. ഈ ലൊക്കേഷനിൽ ആരംഭിച്ച ഷാരൂഖ് – ഫറാ സൗഹൃദം പിന്നീട് ഒട്ടേറെ മനോഹര നൃത്ത രംഗങ്ങൾ ബോളിവുഡിന് സമ്മാനിച്ചു. പിൽകാലത്ത് ശ്രദ്ധേയരായ ആദിത്യയുടെ സഹോദരൻ നടൻ ഉദയ് ചോപ്രയും കുടുംബ സുഹൃത്ത് കൂടിയായ കരൺ ജോഹറും ഇതിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.
1995 ഒക്ടോബർ 20 ന് റിലീസ് ചെയ്ത ചിത്രം വാരിക്കൂട്ടിയ റെക്കോർഡുകൾക്കും അഗീകാരങ്ങൾക്കും കണക്കില്ല. റിലീസ് ചെയ്ത ആ വര്ഷം തന്നെ ലോകമെമ്പാടും നിന്നായി 100 കോടിയോളം കളക്ഷൻ നേടി എന്ന് സ്ഥിരീകരിക്കാത്ത ഒരു വാർത്തയാണ് അതിൽ പ്രധാനം. ഇന്ന് കോടികണക്കുകൾ പറഞ്ഞുള്ള പ്രമോഷൻ നിത്യസംഭവമായിട്ടുണ്ടെങ്കിലും അന്ന് അത്തരം കാര്യങ്ങൾ പരസ്യമായി വിളമ്പുന്നതിനോട് നിർമാതാക്കൾ പോലും താല്പര്യം കാണിക്കില്ലായിരുന്നു. ഡി ഡി എൽ ജെ എന്ന് ആരാധകർ ഓമനപ്പേരിട്ട് വിളിച്ച ഈ ചിത്രം ആ വർഷം വാരിക്കൂട്ടിയത് 10 ൽ അധികം ഫിലിം ഫെയർ അവാർഡുകൾ. ഇതിനു പുറമെ ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള ദേശിയ അവാർഡും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ ചിത്രത്തെ ലോകത്തെ ഏറ്റവും ജനപ്രിയ സിനിമകളിൽ ഒന്നായിട്ടാണ് വിശേഷിപ്പിച്ചത്. മുംബൈയിയിലെ മറാത്താ മന്ദിർ എന്ന തിയേറ്ററിൽ ചിത്രം ഓടിയത് നീണ്ട 24 വർഷം. എല്ലാ ദിവസവും നോൺ ഷോ മാത്രമായിരുന്നെങ്കിലും അതും പല ദിവസങ്ങളിലും ഹൗസ് ഫുൾ ആയിരുന്നു.
ക്ലാസിക് നിർമ്മിതികൾ കാലാതീതമായി നിലനില്കും. ബോളിവുഡിൽ അതിന്റ്റെ സാക്ഷ്യപത്രമാണ് ‘ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ’. നീണ്ട 25 വർഷത്തിനിടെ ലോകം മാറി, സിനിമ മാറി, പ്രേക്ഷകർ മാറി, ചലച്ചിത്ര അഭിരുചികൾ മാറി. അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയിൽ ‘ഡി ഡി എൽ ജെ’ പോലൊരു ചിത്രം ഇനിയുണ്ടാകില്ല എന്ന് നിസംശയം പറയാം.