കൊച്ചിയിലെ മൂന്ന് പ്രധാനപ്പെട്ട റോഡുകൾ ഇനി മുതൽ കേരള ചരിത്രത്തിലെ പ്രമുഖ നവോത്ഥാന നായകന്മാരുടെ പേരിൽ അറിയപ്പെടും. കലൂർ – കടവന്ത്ര റോഡിന് ശ്രീനാരായണ ഗുരുവിന്റെയും, തമ്മനം – പുല്ലേപ്പടി റോഡിന് മഹാത്മാ അയ്യങ്കാളിയുടെയും, സ്റ്റേഡിയം ലിങ്ക് റോഡിന് ചാവറ കുര്യാക്കോസച്ചന്റെയും പേരുകൾ നൽകുവാനാണ് കൊച്ചി നഗരസഭാ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ചാവറ കുര്യാക്കോസ് അച്ചനും കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന മേഖലകളിലെ നെടും തൂണുകളാണ് . കൊച്ചിയിൽ ഒരു പ്രധാനപ്പെട്ട റോഡു പോലും ഇവരുടെ ആരുടെയും പേരുകളിൽ അറിയപ്പെടുന്നില്ല എന്നവസ്തുത ശ്രദ്ധയിൽപെട്ട കൊച്ചി മേയർ ഇതു സംബന്ധിച്ചു ചർച്ച ചെയ്യാനായി കൊച്ചി നഗരസഭ കൗൺസിൽ യോഗം വിളിക്കുകയും തിരഞ്ഞെടുത്ത 3 റോഡുകളുടെ പുനഃ നാമധരണ പ്രക്രിയക്ക് അനുമതി നൽകുകയുമായിരുന്നു. കലൂർ – കടവന്ത്ര റോഡിന് ശ്രീനാരായണ ഗുരുവിന്റെയും, തമ്മനം – പുല്ലേപ്പടി റോഡിന് മഹാത്മാ അയ്യങ്കാളിയുടെയും, സ്റ്റേഡിയം ലിങ്ക് റോഡിന് ചാവറ കുര്യാക്കോസച്ചന്റെയും പേരുകൾ നൽകാനാണ് ഇപ്പോൾ തീരുമാനടുത്തിരിക്കുന്നത്.
“കേരളവും കൊച്ചിയും ഇവരുടെ എല്ലാം സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ അനുഭവിക്കുന്നതെന്ന് നമ്മളെല്ലാം തിരിച്ചറിയണം. ഗുരുവിന്റെ പേരിൽ ഒരു പ്രഭാഷണ പരമ്പര ആരംഭിക്കാനും കൗൺസിൽ ബജറ്റിൽ തീരുമാനിച്ചിരുന്നു. എന്നാൽ കൊറോണക്കാലം ആയതിനാലാണ് മുന്നോട്ടു പോവാൻ കഴിയാതിരുന്നത്. തീർച്ചയായിട്ടും ശ്രീനാരായണ ഗുരുദർശനങ്ങൾ കൂടുതൽ അറിയാൻ ഈ പ്രഭാഷണ പരമ്പര ഞങ്ങൾ സംഘടിപ്പിക്കുക തന്നെ ചെയ്യും. നാളത്തെ തലമുറ ഇവരെ കൂടുതൽ അറിയണം എന്ന് കൊച്ചി മേയർ എന്ന നിലയിൽ എനിക്ക് നിർബന്ധമുണ്ട്.നവോത്ഥാന മൂല്യങ്ങളുമായി നമ്മുടെ നഗരം മുന്നോട്ട്” ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ കൊച്ചി മേയർ എം അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.