കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഏർപ്പെടുത്തിയ വാക്സിനേഷൻ ഡ്രൈവ് ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇതോടെ അടുത്ത മാസം ആദ്യം മുതൽ ഇൻഫോപാർക്കിലെ വിവിധ കമ്പനികൾക്ക് ഭാഗിയകമായി പ്രവർത്തിക്കുവാനുള്ള തയാറെടുപ്പിലാണ്. രണ്ടാം ഡോസ് വാക്സിനേഷൻന്റെ അവസാന ഘട്ടത്തിലാണ് ഒട്ടുമിക്ക കമ്പനികളും. അതിനാൽ വരും നാളുകളിൽ സര്ക്കാര് കൂടുതൽ ഇളവുകൾ അനുവദിച്ചാൽ പഴയതു പോലെ പൂർണ തോതിൽ പ്രവർത്തന സജ്ജമാകണമെന്ന അഭിപ്രായം പല കോണുകളിലും ശക്തമാണ്. ഇവിടുത്തെ ആദ്യ ഡോസ് വാക്സിനേഷൻ ജൂൺ മാസത്തിൽ പൂർത്തിയായിരുന്നു.
രണ്ടാം ഘട്ട വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകുന്നത് തിരുവനന്തപുരം ആസ്ഥാനമായ ടെക്നോ പാർക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ ആണ്. കൊച്ചിയിലെ ഇൻഫോപാർക്കിലെ പ്രവർത്തനങ്ങൾക്കായി 10,000 ഡോസ് വാക്സിൻ ആണ് ഈ ആശുപത്രി നൽകിയത്. വാസിനേഷൻ ഡ്രൈവിൽ പുരോഗതി കൈവരിച്ചെങ്കിലും ഒട്ടേറെ കമ്പനികൾക്ക് തൽക്കാലം വർക്ക് ഫ്രം ഹോം മാതൃക തുടരാനാണ് താൽപര്യപ്പെടുന്നത്. വരും നാളുകളിൽ സ്കൂളുകൾ തുറക്കുവാനും അതോടെ ജീവനക്കാരിൽ പലർക്കും വീട്ടിൽ തന്നെ തുടരേണ്ട സാഹചര്യമാണ് ഇക്കൂട്ടർ ചൂണ്ടി കാണിക്കുന്നത്.