നഗരത്തിലെ ഇന്നത്തെ സംസാരവിഷയം മരടിൽ നടന്ന വൻ മത്സ്യകൃഷി വിളവെടുപ്പിനെ കുറിച്ചാണ്. ഒരു മത്സ്യക്കൂടിൽ നിന്നും 600 കിലോ കരിമീൻ, ലഭിച്ചത് 2.73 ലക്ഷം രൂപ!
കോവിഡ് പ്രതിസന്ധിയിൽ മരടിലെ പട്ടികജാതി കുടുംബങ്ങൾക്ക് തുണയായി കൂടുമത്സ്യകൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ നെട്ടൂർ-മരട് കായലിൽ നടത്തിയ കൂടുകൃഷിയിൽ ഒരു മത്സ്യക്കൂടിൽ നിന്ന് മാത്രമായി 600 കിലോ കരിമീൻ വിളവെടുത്തു. കിലോയ്ക്ക് 450 രൂപ നിരക്കിൽ മുഴുവൻ മീനും കൃഷിയിടത്തിൽ തന്നെ വിറ്റഴിച്ചതോടെ കുടുംബങ്ങൾക്ക് ലഭിച്ചത് 2,73000 രൂപയുടെ ലാഭം. മഹാമാരിയുടെ വരവോടെ ജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമായി.
സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്ക് കീഴിലായി കഴിഞ്ഞ ഒക്ടോബറിലാണ് നാല് മീറ്റർ വീതം നീളവും വീതിയുമുള്ള മത്സ്യക്കൂടിൽ 2000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷിയാരംഭിച്ചത്. കൃഷി തുടങ്ങുന്നതിന് പ്രദേശത്തെ ‘പുഴയോരം’ സ്വയം സഹായക സംഘത്തിന് മത്സ്യക്കൂട്, മീൻകുഞ്ഞുങ്ങൾ, തീറ്റ മറ്റ് വസ്തുക്കളും സൗജന്യമായാണ് സിഎംഎഫ്ആർഐ നൽകിയത്. കൂടാതെ, കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകർക്ക് സിഎംഎഫ്ആർഐ സാങ്കേതിക സഹായവും നൽകി. പത്ത് മാസത്തിന് ശേഷം വിളവെടുപ്പ് നടത്തിയപ്പോൾ കരിമീനിന് ശരാശരി 380 ഗ്രാം വരെ വളർച്ചാനിരക്ക് ലഭിച്ചതായി കണ്ടെത്തി. അതിജീവന നിരക്ക് 95 ശതമാനമായിരുന്നു.വിളവെടുപ്പ് മരട് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ രശ്മി സനിൽ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയാടിസ്ഥാനത്തിൽ സിഎംഎഫ്ആർഐ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് മരടിലെ സ്വയം സഹായക സംഘത്തെ ഈ പദ്ധതിയിൽ ഉൾപെടുത്തിയതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതു വഴി ഇവരെ ഒരു ബദൽ വരുമാന മാർഗം പരിചയപ്പെടുത്തുകയായിരുന്നു സിഎംഎംഫ്ആർഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡും ലോക്ഡൗണും കാരണം വരുമാനം നിലച്ചപ്പോൾ ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലായ പട്ടികജാതി കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് കൂടുകൃഷിയിൽ നിന്നുള്ള ലാഭം. ഇതുപോലെയുള്ള പദ്ധതികൾ, സമൂഹത്തിൽ ഏറെ അവഗണന നേരിടുന്ന ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് വേണ്ടിയും സിഎംഎഫ്ആർഐ നടത്തിവരുന്നുണ്ട്. കൂടുകൃഷി കൂടാതെ, പെൻകൾച്ചർ, ബയോഫ്ളോക് മത്സ്യകൃഷി എന്നിവയും പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ മധുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കൂടുകൃഷിക്ക് മേൽനോട്ടം വഹിച്ചത്.