രണ്ടു നേട്ടങ്ങൾ ഒരേ ദിവസം കൈവരിച്ചു കൊണ്ട് കൊച്ചി തുറമുഖം വീണ്ടും ശ്രദ്ധകേന്ദ്രമായിരിക്കുന്നു. രണ്ടു ടാങ്ക് കണ്ടെയ്നറുകൾ കപ്പൽ മാർഗം ഗുജറാത്തിലേക്ക് അയക്കുകയും സ്പൈസ് ജെറ്റിന്റെ സീ പ്ലെയിനിന് ഇന്ധനം നിറക്കാനായി ബങ്കറിങ് സൗകര്യം ഒരുക്കുകയും ചെയ്തുകൊണ്ട് ഒരപൂർവ നേട്ടമാണ് പോർട്ട് ട്രസ്റ്റ് കൈവരിച്ചിരിക്കുന്നത്.
ബി പി സി എൽ കൊച്ചി റിഫൈനറിയുടെ രണ്ട് അക്രലിക് ആസൈഡ് ടാങ്ക് കണ്ടെയ്നറുകളാണ് കപ്പലിൽ കയറ്റി അയച്ചത്. തുറമുഖത്തു നിന്ന് ആദ്യമായിട്ടാണ് ഇവ കപ്പലിൽ കയറ്റി അയക്കുന്നത്. സാധാരണ ട്രാക്കുകളിൽ റോഡ് മാർഗമാണ് അയക്കാറുള്ളത്. ചിലവും കുറവും സുരക്ഷിതത്വം കൂടുതലും എന്ന സാധ്യതയാണ് കപ്പൽ മാർഗം തിരഞ്ഞെടുക്കാൻ പ്രേരകമായത്. വല്ലാർപാടം ടെർമിനലിൽ നിന്നാണ് യാത്രയായത്. ഗുജറാത്തിലെ ഹസീറ തുറമുഖത്തേക്കാണ് എസ് എസ് എൽ വിശാഖപട്ടണം എന്ന കപ്പലിൽ ടാങ്കറുകൾ അയച്ചത്. തീരദേശ ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന ‘സാഗര മാല’ പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കിയത്.
യാത്ര മദ്ധ്യേ ഇന്ധനം നിറക്കുന്നതിനാണ് സ്പൈസ് ജെറ്റിന്റെ സീ പ്ലെയിൻ തുറമുഖത്തു ഇറങ്ങിയത്. ഗോവയിൽ നിന്ന് മാല ദ്വീപിലേക്കുള്ള യാത്രക്കിടയിലാണ് ഈ ചെറു വിമാനം കൊച്ചിയിൽ ഇറങ്ങിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ സംവിധാനത്തിൽ നിന്ന് 975 ലിറ്റർ ഇന്ധനം നിറച്ച ശേഷം യാത്ര തുടരുകയും ചെയ്തു.