വരും നാളുകളിൽ ദീർഖ ദൂര ബസ് യാത്രക്കും മറ്റുമായി എറണാകുളം ബസ് ഡിപ്പോയിൽ എത്തുന്ന പതിവ് യാത്രക്കാരെ കാത്തിരിക്കുന്നത് പഴയ കൊച്ചിയുടെ പഴഞ്ചൻ മുഖമായിരിക്കുകയില്ല. പുത്തൻ കൊച്ചിയുടെ പുതു ഭാവങ്ങളെ ചുവരുകളിൽ ആവാഹിച്ചെടുത്ത വർണ്ണാഭമായ ചില കാഴ്ചകൾ ആയിരിക്കും അവിടെ ചുവരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവുക. എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിന്റെ പ്രധാന കെട്ടിടത്തിന് ചുവർ ചിത്രം ഒരുക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കലാകാരന്മാർ. സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും ഏഷ്യൻ പെയിന്റസും സംയുക്തമായിട്ടാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡിന് പുറമോടി മിനുക്കുന്ന ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ മലയാളി വനിതകളെയാണ് കെട്ടിടത്തിന്റെ രണ്ടു ചുവരുകളിലായി വരക്കുന്നത്. രണ്ടു കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണിവ. സ്റ്റാർട്ട് ഇന്ത്യ മുന്നോട്ടു വെക്കുന്ന ഡോണെറ്റ് എ വാൾ (donate a wall) എന്ന പദ്ധതിയുടെ ഭാഗമായാണ് ചിത്ര രചന പുരോഗമിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനാ നടത്തി വരുന്ന ചുവർ ചിത്ര കലാ കൂടുതൽ ജനകീയ മാക്കുന്ന ക്യാമ്പയിൻ ന്റ്റെ ഭാഗമായാണ് ഈ പദ്ധതി നിലവിൽ വന്നിരിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ പ്രഗീഷ് പർമാർ, നാസിക് സ്വദേശി അഭിജിത്, ത്രിശൂർ സ്വദേശി സൂരജ് എന്നിവരാണ് എറണാകുളത്തെ ചിത്രരചനക്ക് നേതൃത്വം നൽകുന്നത്.
മോടിപിടിപ്പിക്കൽ ജോലികൾ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഒരാഴ്ചക്കകം ജോലികൾ പൂർണമായും പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. എറണാകുളം ബസ് ഡിപ്പോയിലെ അറ്റുകുറ്റ പണികൾ പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും പ്രധാന കെട്ടിടത്തിന് ഭംഗി കൂട്ടുന്ന ജോലികൾ ഏറ്റെടുക്കാൻ സന്നദ്ധ സംഘടനാ മുന്നോട്ടു വന്നപ്പോൾ അധികൃതർ പൂർണ തോതിൽ സഹകരിക്കുകയായിരുന്നു. എന്നിരുന്നാലും മഴക്കാലങ്ങളിൽ എറണാകുളം ഡിപ്പോ പരിസരം പൊതുവെ ഒരു ദുരിതകളമായി മാറാറുണ്ട്. ആ പതിവിനു കൂടി അറുതി വരണമെന്നാണ് കൊച്ചി നിവാസികളുടെയും സ്ഥിരം യാത്രക്കാരുടെയൂം ഏറ്റവും വലിയ ആഗ്രഹം.