സപ്തതിയുടെ നിറവിൽ മലയാള സിനിമ കാരണവർ ജോൺ പോൾ.
സിനിമയിലെ സഹപ്രവർത്തകരുടെയും ആരാധകരുടെയും ജോൺ പോൾ അങ്കിളിന് സപ്തതി
മലയാള സിനിമയുടെ പ്രതാപ കാലം എന്ന് വിശേഷിക്കപ്പെടുന്ന 1980 കളുടെ ചരിത്രവും സൂപ്പർ ഹിറ്റുകളുടെ നാൾ വഴികളുമെല്ലാം കൃത്യമായി ഓർത്തുവെക്കുകയും അവസരം കിട്ടുമ്പോഴെല്ലാം പിൽതലമുറക്ക് പകർന്നു കൊടുക്കാൻ ഏറെ ഉത്സാഹം കാണിക്കുകയും ചെയുന്ന പ്രശസ്ത തിരക്കഥാകൃത്തും സിനിമ ചരിത്രകാരനുമായ ശ്രീ ജോൺ പോളിന്റെ 70 ആം പിറന്നാൾ സുഹൃത്തുകളും സഹപ്രവർത്തകരും വളരെ ലളിതമായ രീതിയിൽ ആഘോഷിച്ചു. സപ്തതിയുടെ നിറവിൽ ആയതിനാൽ പുലർച്ചെ മുതൽ ഫോൺ കോളുകളുടെ പ്രവാഹം ആയിരുന്നെങ്കിലും മുൻ നിശ്ചയ പ്രകാരം പ്രധാനമായും രണ്ടു പരിപാടികളിലാണ് സംബന്ധിച്ചത്.
ഇതിൽ ആദ്യത്തേത് കാരക്കമുറിയിലെ ചാവറ കൾച്ചറൽ സെന്റെർ സംഘടിപ്പിച്ച പുസ്തകദാന ചടങ്ങിൽ അദ്ദേഹം എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം, ‘ഓർമ്മ വിചാരം’ എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പ് സാനുമാഷിൽ നിന്ന് സംവിധായകൻ ലാൽ ജോസ് ഏറ്റുവാങ്ങി. ഏതാനും നാൾ മുൻപാണ് സാനു മാഷ് 94 ആം പിറന്നാൾ ആഘോഷിച്ചത്. ചടങ്ങിൽ ജോൺ പോളിന്റെ ശിഷ്യൻ ജോൺസൺ എബ്രഹാം തയാറാക്കിയ, സാനു മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഡിജിറ്റൽ പെയിന്റിംഗ് സമ്മാനമായി നൽകുകയും ചെയ്തു. ചടങ്ങിൽ ചവറ കൾച്ചറൽ സെന്റെർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി അദ്യക്ഷത വഹിച്ചു.
പിന്നീട് ജോൺ പോൾ പഠിച്ച മാതൃ വിദ്യാലയമായ കലൂർ സെയിന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും മാനേജ്മെന്റും ചേർന്നൊരുക്കിയ ആഘോഷ ചടങ്ങിൽ അദ്ദേഹം പത്നി ഐഷ എലിസബത്തിനോടൊപ്പം പങ്കെടുത്തു.
ജോൺ പോളിനെ സിനിമയിലെ പുതു തലമുറയും പഴയ തലമുറയും ഒരേ പോലെ അങ്കിൾ എന്ന പേരിലാണ് സംബോധന ചെയുന്നത്. സിനിമയുടെ സമസ്ഥ മേഖലകളെ കുറിച്ചുള്ള അറിവും, ലളിത ജീവിതവും യുവത്വത്തിന്റെ പ്രസരിപ്പുമെല്ലാമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങൾ.