കൊച്ചിയുടെയും മലയളമണ്ണിന്റെയും എക്കാലത്തെയും അഭിമാനമായ മഹാകവി ജി ശങ്കരകുറുപ്പിന് ജന്മനാട്ടിൽ ഒരു സ്മാരകം ഉയർത്തുവാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ കൊച്ചിയുടെ അഭിമാനമുഖമായ പ്രൊഫ. എം കെ സാനു മുഖ്യാതിഥിയായിരുന്നു. മേയർ എം അനിൽകുമാർ അധ്യക്ഷനായ സമിതിയാണ് സ്മാരകനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. മഹാകവി ജി യുടെ കൊച്ചുമകളും മുൻ ഡെപ്യൂട്ടി മേയറുമായ ബി ഭദ്രയും ചടങ്ങിൽ ആദ്യാവസാനം സംബന്ധിക്കുകയുണ്ടായി. ഹൈകോടതിക്ക് സമീപമാണ് പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്മാരക നിർമ്മാണത്തിനായി കുമാർ ഗ്രൂപ്പ് ഓഫ് ആർക്കിടെക്ട്സ് വിശദമായ രൂപരേഖ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. പ്രകൃതി സൗഹാർദ്ദമായ നിർമ്മാണ രീതിയാണ് ഇവിടെ അവലംബിക്കുക. സൗണ്ട് മ്യൂസിയം, ആർട്ട് ഗാലറി, ഓപ്പൺ സ്റ്റേജ് തുടങ്ങിയവയെല്ലാം ഈ സ്മാരകത്തിന്റെ ഭാഗമായി ഉണ്ടാകും. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ എ അൻസിയയും പങ്കെടുത്തു.
കൊച്ചി മേയർ എം അനിൽകുമാർ ഈ വലിയ ചുവടുവെപ്പിനെ കുറിച്ച് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. “ഏറെ കാലമായി ചർച്ചകളിലും , വാർത്തകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ജി. സ്മാരകത്തിലേക്കുള്ള വഴി തയ്യാറാക്കി , വസ്തുവിന്റെ നാല് അതിരുകൾ നിർണ്ണയിച്ചു. എല്ലാവരുടെയും സഹകരണത്തോടെ കൊച്ചിയുടെ ആദരണീയനായ സാനുമാഷ് ഇന്ന് സ്മാരകത്തിന് തറക്കല്ലിട്ടു.
ഡെപ്യൂട്ടി മേയറായിരുന്നപ്പോൾ ജി. സ്മാരകത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജി -യുടെ കൊച്ചുമകൾ ശ്രീമതി ഭദ്രയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സ്മാരകത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാൻ സർക്കാരിന് കത്തെഴുതുകയും അത് അനുവദിപ്പിക്കുകയും ചെയ്ത മുൻ മേയർ C M ദിനേശ് മണിയാണ് ഇങ്ങനെയൊരു സത്കർമ്മത്തിന് ആരംഭം കുറിച്ചത്. “ഓടക്കുഴൽ ” നാദത്തിലൂടെ മലയാളിയെ ജ്ഞാനപീഠത്തിലേറ്റിയ മഹാകവി ജി.ശങ്കരകുറുപ്പിന്റെ ഓർമ്മകൾ ഈ നഗരത്തെ സാംസ്കാരിക നഗരമാക്കട്ടെ”.