‘ഹാലോവിൻ’ ദിനത്തിൽ വ്യത്യസ്ത കാഴ്ചകൾ ഒരുക്കി കൊച്ചി ഗ്രാൻഡ് ഹയാത്ത്.
യൂറോപ്പിലും അമേരിക്കയിലുമൊക്കെ എല്ലാ വർഷവും പതിവായി ആഘോഷിക്കുന്ന ഹാലോവിൻ ദിനത്തിന്റ്റെ കൊച്ചി പതിപ്പിൽ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും ഒരുക്കി കൊച്ചി ഗ്രാൻഡ് ഹയാത്ത്. പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ രൂപഭാവങ്ങളും ഭീതിജനകമായ ഒരന്തരീക്ഷവുമൊക്കെയാണ് പൊതുവിൽ ഹാലോവിൻ ആഘോഷങ്ങളുടെ മുഖമുദ്ര. കഴിഞ്ഞ വരാന്ധ്യത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ അതിഥികൾക്കായി പ്രേത്യകം ഒരുക്കിയ വിനോദ പരിപാടിയിലെ കൗതുകങ്ങൾ നിരവധിയായിരുന്നു. ആദ്യ കാഴ്ചയിൽ അല്പം ‘ഭീതി ജനപ്പിക്കുന്ന’ വേഷവിധാനങ്ങളോടുകൂടി അണിനിരന്ന പരിചാരകർ, ഭീകര നാമധേയങ്ങൾ നൽകിയ വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ, അതിഥികളെ റൂഫ്ടോപ് റെസ്റ്റോറൻറ്റിലേക്ക് കൂട്ടി കൊണ്ടുപോയപ്പോൾ ഉണ്ടായ ‘ഭീകരാന്തരീഷം’ ഇങ്ങനെ വ്യത്യസ്ത അനുഭവങ്ങളെല്ലാം കോർത്തിണക്കിയ പാർട്ടി ഏറെ ശ്രദ്ധ നേടി.
ഭക്ഷണ വിഭവങ്ങളുടെ പേരുകളും രസകരമായിരുന്നു; ‘രക്തരക്ഷസിന്റ്റെ തലച്ചോർ സ്റ്റാർട്ടർ’, ‘ബ്ലഡ് സക്കർ സൂപ്പ്’, കള്ളിയങ്ങോട്ട് നീലി മോക്ക് ടെയിൽ’, ശവപ്പെട്ടി ആകൃതിയിലുള്ള പേസ്റ്ററികളും ഡെസേർട്ടുകളും, ചിലന്തിവല ആകൃതിയിൽ തയാറാക്കിയ കേക്ക്, എന്നിങ്ങനെയാണ് വിഭവങ്ങൾ അണിനിരത്തിയിരുന്നത്. കഴിഞ്ഞില്ല, ‘ഇറ്റാലിയൻ ഡെത്ത് വിഷ്, മച്ചു-പിച്ചു സീഫുഡ്, സ്പൂകി സ്ലൈഡേഴ്സ്, മെക്സിക്കൻ വിച്ക്രാഫ്റ്റ് ഡിലൈറ്റ്സ് എന്നിങ്ങനെ രുചികരമായ ഒട്ടേറെ വിഭവങ്ങളും പുതുമയാർന്ന ഈ ഡിന്നറിന്റ്റെ ഭാഗമായിരുന്നു. ലൈറ്റുകൾ ഡിം ചെയ്ത് മെഴുകുതിരി വെളിച്ചത്തിലാണ് റെസ്റ്റോറന്ററുകളുടെ അകം ക്രമീകരിച്ചിരുന്നത്. ഭക്ഷണം വിളമ്പാനും സഹായിക്കാനുമായി പിശാചുകളുടെയും പ്രേതങ്ങളുടെയും വേഷങ്ങൾ ധരിച്ച കുറെ പേർ അതിഥികൾക്കിടയിൽ ചുറ്റി കറങ്ങുന്നുണ്ടായിരുന്നു.
“ലോക്ക് ഡൗൺ കാലത്തിനു ശേഷം സാവധാനം ഉണർന്നു വരുന്ന കൊച്ചിയിലെ വിനോദ മേഖലകളെ ഒന്നുണർത്താൻ വേണ്ടിയാണ് വ്യത്യസ്തമായ ഈ ഹാലോവിൻ പാർട്ടി ഞങ്ങൾ ഒരുക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് അതിഥികൾക്കായി വ്യത്യസ്ത സമയക്രമം മുൻകൂട്ടി നിശ്ചയിച്ചുകൊണ്ടു സാമൂഹ്യ അകലം കൃത്യമായി നിലനിർത്തി കൊണ്ടാണ് ഈ വ്യത്യസ്ത കാഴ്ച വിരുന്ന് സംഘടിപ്പിച്ചത്” – ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ പ്രഗീത്ത് പരമേശ്വരൻ വിശദീകരിച്ചു. കഴിഞ്ഞ വർഷവും കൊച്ചിയിലെ ചില ഹോട്ടലുകൾ ഹാലോവിൻ പാർട്ടികൾ നടത്തിയിരുന്നുവെങ്കിലും ഗ്രാൻഡ് ഹയാത്തിലെ ഈ പാർട്ടി യഥാർത്ഥ ഹാലോവിൻ അനുഭവങ്ങളും കാഴ്ചകളും ആനന്ദവുമാണ് സമ്മാനിച്ചത്.
അമേരിക്കയിലെ വിളവെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹാലോവിൻ പാർട്ടികൾ പാശ്ചാത്യ നാടുകളിൽ കൊണ്ടാടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാനും പങ്കെടുക്കാനും കേരളത്തിലെ ചെറുപ്പക്കാർ ഏറെ ആവേശം കാണിച്ചു പോരുന്നു.