നഗരത്തിൽ ഊർജിതമായി തുടരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഇനി മുതൽ നാവിക സേനയും കൈകോർക്കും. പ്രാരംഭ ഘട്ടത്തിൽ കോർപറേഷൻ നടത്തുന്ന വാക്സിനേഷൻ ക്യാമ്പിന് ആവശ്യമായ സഹായം നൽകും. ക്യാമ്പുകൾ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിന് വോളിയന്റർമാരെ നൽകും. ഇത് സംബന്ധിച്ചു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ല കൊച്ചി മേയർ എം അനികുമാറുമായി പ്രാരംഭഘട്ട കൂടിയലോചനകൾ നടത്തി. കൂടിക്കാഴ്ചയിൽ കോർപറേഷൻ നേതൃത്വം നൽകുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മേയർ വിശദീകരിച്ചു. അടിയന്തര ഘട്ടത്തിൽ കിടക്കകൾ ആവശ്യമായിവന്നാൽ നാവിക സേന ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ഉത്തരേന്ധ്യയിലെ പോലെ അതീവ ഗുരുതര സാഹചര്യം നഗരത്തിൽ ഉടലെടുത്താൽ നാവിക സേനയിൽ വിദഗ്ധ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാരെ സജ്ജമാക്കും. കോവിഡ് ബാധിതർക്കായി കൊച്ചി കോര്പറേഷന് ടി ഡി എം ഹാളിൽ നടത്തി വരുന്ന ഭക്ഷണ വിതരണത്തിന് ആവശ്യമായ സഹായം നാവിക സേന നൽകും. അടിയന്തര ഘട്ടത്തിൽ ഓക്സിജൻ വിതരണം പോലുള്ള കാര്യങ്ങളിൽ ചീഫ് സെക്രട്ടറി ജില്ലാ ഭരണകൂടവും ആവശ്യപെടുന്ന സഹായം നാവിക സേന ലഭ്യമാക്കും.
