അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തേയും കൂടി വരുന്ന താപനിലയെയും പ്രതിരോധിക്കാൻ കൊച്ചി നഗരത്തിലെ തണൽ മരങ്ങളും പച്ച തുരുത്തുകളും വർധിപ്പിക്കുന്ന നവീനമായ ഒരു പദ്ധതി കോർപറേഷൻ ഉടൻ നടപ്പിൽ വരുത്തും. ജപ്പാനിൽ വിജയകരമായി നടപ്പിലാക്കിയ ‘മിയാവാക്കി’ എന്ന പ്രാദേശിക വനവത്കരണ മാതൃകയെ ആസ്പദമാക്കി ‘കാവാക്കി’ എന്ന ഹരിതവത്കരണ പദ്ധതിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കുക. ഇത്തരത്തിലെ ആദ്യ ചുവടു വെയ്പ്പ് എറണാകുളം സുബാഷ് പാർക്കിൽ ആരംഭിച്ചു കഴിഞ്ഞു. വളരെ ചെറിയ ഇടങ്ങളിൽ പോലും പ്രകൃതിക്കനുയോജ്യമായ രീതിയിൽ സാധ്യമായ വന വൽക്കരണ പദ്ധതിയായിരുന്ന ജപ്പാനിലെ മിയാവാക്കി വലിയൊരു മാറ്റമാണ് അവിടെ സൃഷിടിച്ചെടുത്തത്.
കാലാവസ്ഥ വ്യതിയാനവും വിവിധ തലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളുമെല്ലാം നഗര പരിധിയിൽ ചൂട് ക്രമാതീതമായി വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.ലഭ്യമായ സ്ഥലങ്ങളിൽ എല്ലാം ചെറുകാടുകൾ ഒരുക്കും. പ്രകൃതിക്ക് യോജിക്കുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കും ഇതിന്റെ ഭാഗമായി സാധിക്കുന്നിടത്തൊക്കെ കുളങ്ങളും നിർമ്മിക്കും. ഇത്തരം പൊതുജന സഹകരണം ആവിശ്യമായ പദ്ധതികളിലൂടെ നഗരത്തിന്ന്റെ തനതായ ജൈവ വൈവിധ്യം സംരക്ഷിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ അമരക്കാരനായ കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു
മാത്രമല്ല മഹാകവി ജി ശങ്കര കുറുപ്പ് സ്മാരകം, ജിഡ മേഖലയുടെ വികസനയിടങ്ങൾ എന്നിവിടങ്ങളിലെലാം ഹരിത തുരുത്തുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.