കൊച്ചി മെട്രോ എന്ന കൊച്ചിയുടെ സ്വന്തം അഭിമാനത്തെ കൂടുതൽ അടുത്തറിയുവാൻ സംസ്ഥാന ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ കൊച്ചി മെട്രോയിൽ ഹ്രസ്വദൂരം യാത്ര ചെയ്തു. ആദ്യമായി മെട്രോ സന്ദർശനത്തിനെത്തിയ ഗവർണറെ മെട്രോ അധികൃതർ ഹൃദ്യമായി സ്വാഗതം ചെയ്തു. കുസാറ്റ് മെട്രോ സ്റ്റേഷൻ മുതൽ മഹാരാജാസ് സ്റ്റേഷൻ വരെയാണ് അദ്ദേഹം മെട്രോയിൽ യാത്ര ചെയ്തത്. സന്ദർശന ശേഷം മെട്രോയെയും പ്രവർത്തനരീതികളെയും ജീവനക്കാരെയും കുടുംബശ്രീ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവർണർ യാത്ര ചെയ്യാനെത്തുന്നത് കൊച്ചി മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണെന്ന് മെട്രോ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോകനാഥ് ബെഹ്റ, എറണാകുളം സിറ്റി ഡി സി പി ഐശ്വര്യ ഡോങ്റെ എന്നിവർ യാത്രയിൽ ഗവർണറെ അനുഗമിച്ചു.

