കോവിഡ് രോഗികൾക്കായി കൊച്ചി നഗരസഭ, എറണാകുളം കരയോഗവുമായി സഹകരിച്ച് ടിഡിഎം ഹാളിൽ നിന്നും നടത്തിവന്നിരുന്ന ഭക്ഷണവിതരണം 51 ദിവസത്തെ നീണ്ട പ്രവർത്തനങ്ങൾക്കു ശേഷം താത്കാലികമായി അവസാനിപ്പിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രീകൃതമായ ഈ ഭക്ഷണ വിതരണശാല പ്രവർത്തനം അവസാനിപ്പിക്കുന്നത്.എറണാകുളം കരയോഗം സെക്രട്ടറി ശ്രീ. പി രാമചന്ദ്രൻ നൽകിയ സഹായത്തോടെയാണ് ഭക്ഷണ വിതരണത്തിന് തുടക്കമായത്. ഈ പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കേണ്ടി വന്നിട്ടില്ല എന്ന വസ്തുത മേയർ എം അനിൽകുമാർ സമൂഹ മാധ്യമങ്ങളിലൂടെ ഇറക്കിയ കുറിപ്പിൽ പ്രേത്യകമായി സൂചിപ്പിച്ചു.
മേയറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
കോവിഡ് രോഗികൾക്കായി കൊച്ചി നഗരസഭ, എറണാകുളം കരയോഗവുമായി സഹകരിച്ച് ടിഡിഎം ഹാളിൽ നിന്നും നടത്തിവന്നിരുന്ന ഭക്ഷണവിതരണം 51ദിവസം വിജയകരമായി പൂർത്തീകരിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ കേന്ദ്രീകൃതമായ ഈ ഭക്ഷണ വിതരണശാല ഇന്നലെ വിജയപൂർവ്വം പരിസമാപിച്ചു.
നമ്മുടെ നാട്ടിൽ കോവിഡ് രോഗികൾ ആയ, പ്രത്യേകിച്ച് പാവപ്പെട്ട മനുഷ്യർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നടത്തിയ ഇടപെടൽ വളരെ വലിയ അംഗീകാരമാണ് നഗരസഭയ്ക്ക് നൽകിയത്. നഗരസഭയുടെ ഫണ്ടിൽ നിന്നും ഒരു രൂപ പോലും ഈ പ്രവർത്തനങ്ങൾക്കായി നമുക്ക് വിനിയോഗിക്കേണ്ടി വന്നിട്ടില്ല.
തുടക്കത്തിൽ തന്നെ എറണാകുളം കരയോഗം സെക്രട്ടറി ശ്രീ. പി രാമചന്ദ്രൻ നൽകിയ സഹായത്തോടെയാണ് ഭക്ഷണ വിതരണം ആരംഭിക്കാൻ സാധിച്ചത്. രണ്ടു ദിവസത്തേക്ക് ആവശ്യമായ മുഴുവൻ ഭക്ഷണസാധനങ്ങളും അദ്ദേഹം കടമായി നൽകിയതോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് നമ്മുടെ നഗരത്തിലെ ചുമട്ടുതൊഴിലാളികളുടെ നേതാവായ കെ .എം അഷ്റഫ് ആണ് ഇത് മുന്നോട്ടു കൊണ്ടു പോകാൻ സഹായിച്ചത്. അദ്ദേഹം ഏതാണ്ട് നാല് ദിവസത്തേക്ക് ആവശ്യമായ മുഴുവൻ പലചരക്ക് പച്ചക്കറി സാധനങ്ങളും സ്ഥാപനങ്ങളിൽ നിന്ന് കടമായിവാങ്ങി നൽകി. അദ്ദേഹം നൽകിയ ഈ സഹായം ഒരിക്കലും നഗരസഭയ്ക്ക് മറക്കാൻ കഴിയുന്നതല്ല. ഇതു കൂടാതെ നഗരത്തിലെ ചുമട്ടുതൊഴിലാളികളും എല്ലാ ദിവസവും ഭക്ഷണ വിതരണത്തിന് വളണ്ടിയർമാരായി പ്രവർത്തിച്ചു. സിറ്റി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയനെ ആത്മാർത്ഥമായി കൊച്ചി നഗരത്തിലെ ജനങ്ങൾക്ക് വേണ്ടി ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. എറണാകുളം കരയോഗത്തിലെ ജീവനക്കാർ ഇതുപോലെ തന്നെ സൗജന്യമായി പ്രവൃത്തിയെടുത്തിട്ടുണ്ട്. എറണാകുളം കരയോഗത്തോടുള്ള നന്ദി ഈ സന്ദർഭത്തിൽ രേഖപ്പെടുത്തുന്നു.
ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്തിൽ കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥർ വഹിച്ച പങ്ക് വളരെ വലുതാണ്. ചുമതലക്കാരനായ ബിനൂപ് ഉൾപ്പെടെ ഒട്ടേറെ ജീവനക്കാർ ഈ ഉദ്യമത്തിൽ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ഈ ഭക്ഷണശാലയിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കുവാനും വിതരണം ചെയ്യാനും കൈമെയ് മറന്ന് പ്രവർത്തിച്ചു. എറണാകുളം നൻമ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ്സ് പോലീസും ഇവിടെ ജോലി ചെയ്തിട്ടുണ്ട്. പാകം ചെയ്ത ഭക്ഷണം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുന്നതിന് നഗരത്തിലെ പുതിയ സ്റ്റാർട്ട്അപ് സംരംഭമായ Tukxi യുടെ നേതൃത്വത്തിൽ എല്ലാ ദിവസവും 2 ഓട്ടോറിക്ഷകൾ വീതം സൗജന്യമായി സേവനം നടത്തിയിട്ടുണ്ട്. അവരെ എല്ലാവരെയും ആത്മാർത്ഥമായി അനുമോദിക്കുന്നു.
കണക്കുകൾ സുതാര്യമായി തയ്യാറാക്കുന്നതിനു വേണ്ടി ഏറ്റവും കൂടുതൽ സഹായിച്ചത്,ചാർട്ടേഡ് അക്കൗണ്ടന്റും, നന്മയുടെ ഭാരവാഹിയും ആയ ശ്രീ. രഞ്ജിത്താണ് . ഭാരതീയ വിദ്യാഭവൻ മുതൽ ഒട്ടേറെ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഉദാരമായി സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ റോട്ടറി ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളും അവരാൽ കഴിയുന്നസഹായങ്ങൾ നൽകിയിട്ടുണ്ട്. നഗരസഭയുടെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി എ ശ്രീജിത്ത്, ഷീബ ലാൽ എന്നിവരുടെ നേതൃത്വത്തിൽ ത്യാഗ സമ്പന്നമായ പ്രവർത്തനങ്ങളാണ് നടന്നത്. 51 ദിവസങ്ങളിലായി 2,00,014 ഭക്ഷണ പൊതികൾ ഇവിടെനിന്ന് വിതരണം ചെയ്തു.
സംഭാവന സ്വീകരിച്ച് ഇത്തരമൊരു പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് സർക്കാർ ഉത്തരവ് ഉൾപ്പെടെ പുറപ്പെടുവിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദാ മുരളീധരൻ ഐഎഎസ് കാണിച്ച ശുഷ്കാന്തിയും , പരിഗണനയും ആണ് ഭക്ഷണ വിതരണം വിജയത്തിലേക്ക് എത്തിക്കുന്നതിൽ സഹായിച്ചത്. സാധാരണക്കാരായ ഒട്ടേറെപ്പേർ ഇക്കാര്യത്തിന് സാമ്പത്തികമായും ,അധ്വാനം കൊണ്ടുമുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. അവരോടെല്ലാം ഉള്ള കൃതജ്ഞത ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. തീർച്ചയായും ഈ അക്കൗണ്ടിൽ നമുക്ക് കുറച്ചുകൂടി പണം കോവിഡ് പ്രതിരോധത്തിലെ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കാൻ ബാക്കി ഉണ്ടാകും. നഗരസഭയുടെ സന്നദ്ധ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുകയല്ല ചെയ്യുന്നത് , ആരംഭിക്കുകയാണ് …. തുടർന്നുള്ള ദിവസങ്ങളിലും ഈ സംഭാവനകൾ നിങ്ങൾ നൽകണം . സുതാര്യമായി ഇക്കാര്യങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും.നമുക്ക് ഇനിയും ഒട്ടേറെ കാര്യങ്ങൾ ഈ കൊറോണക്കാലത്ത് ചെയ്യാനുണ്ട്.സഹകരിച്ച മുഴുവൻ പേരോടും ഉള്ള നന്ദിയും കടപ്പാടും ഈ സന്ദർഭത്തിൽ രേഖപ്പെടുത്തുന്നു.
ഇത്തരത്തിൽ ഒരു പ്രവർത്തനം,51 ദിവസം വിജയകരമായി നടക്കുന്നതിൽ ഏറെ സഹായകരമായി നിന്നത് കക്ഷിരാഷ്ട്രീയത്തിനതീതമായും , ജാതി മത ചിന്തകൾക്ക് അതീതമായും എല്ലാവരും ഒരു കുടക്കീഴിൽ വന്നതുകൊണ്ടാണ്. ഇതു മനസ്സിലാക്കി കൊണ്ട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി ഈ സന്ദർഭത്തിൽ രേഖപ്പെടുത്തുന്നു. ജാതിമത പരിഗണനകൾക്കും, കക്ഷി രാഷ്ട്രീയത്തിനും അതീതമായി മനുഷ്യർ ഒന്നിച്ച കാലമാണ് പ്രളയത്തിന്റെയും കൊറോണയും നാളുകൾ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ നടന്നു ഭക്ഷണ വിതരണ കേന്ദ്രം . ഈ ഊർജ്ജവും , അനുഭവങ്ങളും ,വിജയവും തീർച്ചയായും ഭാവി പ്രവർത്തനങ്ങൾക്ക് നഗരസഭയ്ക്ക് മുതൽക്കൂട്ടാവും…
കോർപ്പറേഷന്റെ Covid ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനുള്ള
ബാങ്ക്_അക്കൗണ്ട്_Details
Name: Secretary, Kochi Municipal Corporation
Bank: Canara Bank, Shanmugham Road Branch,Ernakulam
Account_Number:43002010046966
IFSCode:CNRB0014300
Phone_number (Secretary):9446483404

