സ്റ്റാർട്ട്, ആക്ഷൻ, ക്യാമറ…സിനിമ ഷൂട്ടിങ്ങുകളുടെ തിരക്കിലേക്ക് കൊച്ചി
സുദീർഘമായ ഇടവേളയ്ക്കു ശേഷം മലയാള സിനിമ പതിയെ സജീവമാകുന്നു എന്ന ആശ്വാസ വാർത്തയാണ് ഈ ആഴ്ചയിൽ സിനിമ പ്രേമികൾക്ക് ആവേശം പകരുന്നത്.
സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ മാസം മൂവി ക്യാമെറകൾക് മുന്നിൽ മടങ്ങിയെത്തുന്നു. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു സിനിമാ ചിത്രീകരണം ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരത്തെ അനുമതി നൽകിയിരുന്നു. ഇന്നലെ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം, ‘ദൃശ്യം 2′ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. ആയുർവേദ ചികിത്സക്ക് ശേഷം 26 ന് മോഹൻലാൽ എത്തുന്നതോടെ ഷൂട്ടിംഗ് സജീവമാകും. . സൂപ്പർ ഹിറ്റായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമാണിത്. വാഗമണ്ണിലും കൊച്ചിയിലും ആയിട്ടാണ് ‘ദൃശ്യം 2’ ചിത്രീകരണം പൂർത്തിയാക്കുക. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണിൽ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
മമ്മൂട്ടി – മഞ്ജു വാരിയർ ആദ്യമായി ഒന്നിക്കുന്നുന്ന ചിത്രം ‘ദ് പ്രീസ്റ്റ്’ ചിത്രീകരണം ഈ ആഴ്ച അവസാനത്തോടെ തുടങ്ങും. പ്രധാന ലൊക്കേഷൻ വാഗമൺ തന്നെ. ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി.എൻ.ബാബു എന്നിവർ നിർമിക്കുന്ന ചിത്രം ഒരുക്കുന്നതു നവാഗത സംവിധായകൻ ജോഫിൻ ടി.ചാക്കോ ആണ്. മമ്മൂട്ടി ആരാധകർ ഏറെ കാലമായി ആകാംഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘ വൺ ‘ റിലീസ് നീളുകയാണെങ്കിലും പുതിയ ടീസർ പുറത്തുവന്നു. മമ്മുട്ടിയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടീസർ എത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണു മമ്മൂട്ടി അവതരിപ്പിക്കുന്നത്.കൂടാതെ അര ഡസനോളം ചിത്രങ്ങളുടെ നിർമ്മാണ ജോലികൾ കൊച്ചിയിലും പരിസരത്തുമായി പൂർത്തിയായി വരുന്നു. ഇതിനിടയിൽ ചില താരങ്ങൾ പ്രതിഫലം കൂട്ടി ചോദിക്കുന്നു എന്ന പ്രചാരണങ്ങളും സജീവമാണ്. എന്നിരുന്നാലും ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചത് മലയാള സിനിമ വ്യവസായത്തിന് ഏറെ പ്രതീക്ഷ നൽകുന്നു.