കൊച്ചി ബിനാലെ ഡിസംബർ 12 ന് ആരംഭിക്കും
കലയുടെ വിസ്മയ ലോകത്ത് കൊച്ചിക്ക് തനതായ സ്ഥാനം നൽകുകയും ആഗോള പ്രശസ്തിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു പോരുന്ന ‘കൊച്ചി -മുസിരിസ് ബിനാലെ’ ഡിസംബർ 12 നു തന്നെ തുടങ്ങിയേക്കും. കോവിഡ് പ്രതിസന്ധിയും വൈറസ് വ്യാപനവും ഭീഷിണി ഉയർത്തുന്നുണ്ടെങ്കിലും മേള മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്താൻ കഴിയുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്.
ഇത്തവണ 120 ദിവസത്തെ മേളയായിരിക്കുമെന്നും പങ്കടുക്കുന്നവരുടെ ലിസ്റ്റും, സമയ ക്രമവും പുറത്തു വിട്ടുകൊണ്ട് സംഘാടകർ പ്രസ്താവിച്ചു. കലാ പ്രദർശനങ്ങളും സെമിനാറുകളും ശില്പശാലകളുമായി ബിനാലെ ഡിസംബർ മദ്ധ്യത്തോടെ പതിവുപോലെ കൂടുതൽ ആവേശത്തിലേക്കു കടക്കുമെന്നുമാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. 2021 ഏപ്രിൽ 10 വരെ കൊച്ചിയിലെ വിവിധ വേദികളിലായിട്ടായിരിക്കും മേള അരങ്ങേറുക. പങ്കെടുക്കുന്ന കലാകാരന്മാരുടെ പ്രഥമ പട്ടികയും പുറത്തു വിട്ടു.
അലി ചെറി (ഫ്രാൻസ് ), അർപ്പിത സിങ് (ഡൽഹി ), സെസിലിയ വിക്കുഞ്ഞ (ചിലി), ഇമാൻ ഇസ്സ (ജർമ്മനി), ഗബ്രിയേൽ ഗോലിയാത് (ദക്ഷിണാഫ്രിക്ക), ജുവാൻ ജോനാസ് (യൂ എസ് എ ), മാർട്ട ടുവോമല (ഫിൻലൻഡ് ), വാസുദേവൻ അക്കിത്തം (കുമരനല്ലൂർ, പാലക്കാട്), മിത്ര കമലം (കോഴിക്കോട് ), പ്രിയ സെൻ (ന്യൂഡൽഹി), റിച്ചാർഡ് ബെൽ (ഓസ്ട്രേലിയ ), സഹി നായിക് (ഗോവ ), സാംസൺ യങ് (ഹോങ്കോങ് ), സെഹെർ ഷാ (പാകിസ്താൻ ), തായോ ന്യൂയെൻ ഫൻ (വിയറ്റ്നാം ), യിങ്ക ഷോനിബരെ (യൂ കെ ), സിന സരോ വിവ (യു എസ് ), തുടങ്ങിയവർ ഇത്തവണ ബിനാലെയുടെ പങ്കാളിത്തത്തിന് മാറ്റ് കൂട്ടും. വിവിധ കലാകാരന്മാരുടെ കൂട്ടായ്മകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 3 മാസം നീണ്ടുനിൽക്കുന്ന കലാവസന്തം വിരിയുന്നത് കാത്തിരിക്കുകയാണ് ബിനാലെ പ്രേമികൾ.