കേരളത്തിന്റെ തീരക്കടൽ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു നാവികസേന. ഗുരുതരമായ പരിസ്ഥിതി ആഘാതം സൃഷ്ടിക്കാൻ ഇടയുള്ള ഇത്തരം അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശം നൽകി കൊണ്ട് കൊച്ചി നാവിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബീച്ചും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യത്തിൽ കുറവ് വരുത്തി കൊണ്ട് പുനരുപയോഗ പദ്ധതിയൊരുക്കാനും നാവിക സേന ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ കൊച്ചി മേയർ എം അനിൽകുമാറും, നേവൽ കമ്മന്റിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
രാജ്യത്തെ 7600 കി മി വരുന്ന തീരദേശങ്ങളിൽ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ വലിയതോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കണ്ടെത്തിയത് ഏറെ ആശങ്കക്ക് ഇട നൽകുന്നതാണ്. സെന്റിഗ്രേഡ് പ്ലാസ്റ്റിക് വെയ്സ്റ് മാനേജ്മന്റ് സിസ്റ്റം ആണ് നാവിക സേന കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ നാവിക സേനയുടെ കഠാരി ബാഗ് സെൻറ്ററിൽ ആണ് 1270 ചതുരശ്ര അടിയിൽ ഈ പദ്ധതിക്കാവശ്യമായ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഈ പദ്ധതിയിലേക്ക് 46 ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികൾ നൽകി കൊണ്ട് കൊച്ചി കപ്പൽ ശാലയും ഈ യഞ്ജത്തിന്റെ ഭാഗമായിരിക്കുകയാണ്. നാവിക സേന ദക്ഷിണ മേഖല മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ലയാണ് ഇത്തരമൊരു നൂതന ആശയം നടപ്പിലാക്കുന്നത്തിന് മുൻകൈ എടുത്തത്. ഈ പദ്ധതിയുടെ ഭാഗമായി നാവിക സേന ആസ്ഥാനത്തോട് ചേർന്നുള്ള കടൽ ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആദ്യം ശേഖരിച്ചു പുനരുപയോഗ പ്രക്രിയക്ക് അയക്കുന്നത്. ഇതിന്റെ വിജയ സാധ്യത പരിശോധിച്ച ശേഷം ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന പരിപാടികൾ വരും നാളുകളിൽ നാവിക സേന ആലോചിച്ചു നടപ്പിലാക്കും.