കേരളത്തിൽ ആദ്യമായി മിമിക്സ് പരേഡ് എന്ന കലാരൂപം പിറവിയെടുത്തിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു. 1981 സെപ്റ്റംബർ 21 നാണ് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ആദ്യമായി ഈ കലാരൂപം അരങ്ങേറിയത്. അന്ന് അവിടെ കൂടിയിരുന്ന ആൾക്കൂട്ടം സ്റ്റേജിൽ അണിനിരന്ന ആറു ചെറുപ്പക്കാരുടെ പുതുമയാർന്ന ഹാസ്യാവതരണ ശൈലിയിൽ മതിമറന്ന് ചിരിച്ചുമറിഞ്ഞപ്പോൾ അത് കേരളക്കരയും കടന്ന് വിദേശരാജ്യങ്ങളിലേക്കും കുതിക്കുമെന്ന് അതിനു ചുക്കാൻ പിടിച്ച കലാഭവനോ അതിന്റെ അമരക്കാരനായ ആബേലച്ചനോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്തവം.
പിൽകാലത്ത് വെളളിത്തിരയിൽ വെട്ടിത്തിളങ്ങിയ സിദിഖ് – ലാൽ സഖ്യം തന്നെയായിരുന്നു ആ ആറുപേരിൽ പ്രധാനികൾ. കലാഭവനിലെ നിത്യസാന്നിധ്യമായിരുന്ന കെ എസ് പ്രസാദ്, അൻസാർ, റഹ്മാൻ, വർക്കിച്ചൻ പെട്ട, എന്നിവരും കൂടെ കൂടിയപ്പോൾ കലാസ്വാദനരംഗത്ത് പുതിയൊരു ചരിത്ര പിറവിക്കാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്. അന്ന് മമ്മൂട്ടി ഉൾപ്പെടയുള്ള ഒരു വലിയ സദസിനെ കൈയിലെടുത്ത മിമിക്സ് പരേഡ് സംഘത്തിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അന്നുവരെ ഗാനമേളകളുടെ ഇടവേളകളിൽ ചെറിയ ചിരിനമ്പറുകൾ മാത്രം ഇറക്കി പിൻവാങ്ങുകായായിരുന്നു മിമിക്രിക്കാരുടെ പതിവ്. അതിനെ മണിക്കൂറുകളോളം നീളുന്ന മുഴുനീള പരിപാടിയാക്കി മാറ്റാനുള്ള ആശയം ആദ്യം അവതരിപ്പിച്ചത് കലാഭവൻ ആബേലച്ചൻ ആയിരുന്നു. മിമിക്സ് പരേഡ് എന്ന പേര് നിർദ്ദേശിച്ചതാകട്ടെ സംവിധായകൻ സിദിഖും.
ആ ചെറു സംഘത്തിൽ തുടങ്ങിയ മിമിക്സ് പരേഡ് എന്ന കലാരൂപം നാടെങ്ങും വാർത്തെടുത്തത് ചെറുതും വലുതുമായ അനവധി നിരവധി കലാകാരന്മാരെയാണ്. അതിൽ ഒട്ടേറെ പേർ സിനിമയിലൂടെ വലിയ ജനപ്രിയ താരങ്ങളായി മാറി. ഇന്നും ആ ആറഗ സംഘത്തിന്റെ പല പതിപ്പുകൾ പല ഭാവത്തിലും രൂപത്തിലും ടി വി ചാനലുകളിലൂടെയും സമൂഹ മാധ്യമവേദികളിലൂടെയും ചിരിയുടെ അലകടൽ തീർത്തുകൊണ്ടരിക്കുന്നു.
കേരളക്കരയിൽ ചിരിയുടെ മാലപ്പടക്കത്തിന് വിത്ത് പാകിയ കലാഭവൻ ആബേലച്ചന് പ്രണാമം!