രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനത്തിനുള്ള പുരസ്കാരം നേടാൻ
സംസ്ഥാനത്തിന് സഹായകമായത് സമീപ കാലത്ത് കൊച്ചി നഗരത്തിൽ നടപ്പിലാക്കിയ ചില ഗതാഗത പരിഷ്കാരങ്ങൾ. കൊച്ചി മെട്രോ, വാട്ടർ മെട്രോ, മെട്രോപൊളിറ്റിൻ ട്രാൻസ്പോർട് അതോറിറ്റി എന്നീ ഏജൻസികൾ നഗരത്തിലെ ഗതാഗത മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. പൊതു ഗതാഗത സംവിധാനം ആധുനികവത്കരിക്കുക, കാൽനടകാർക്കും സൈക്കിൾ സവാരിക്കാർക്കും ഉതകുന്ന രീതിയിൽ നഗരപാതകൾ പുനഃക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ കൊച്ചി നഗരത്തെ വ്യത്യസ്ത മികവിൽ നിർത്തുന്നതിന് സഹായകമായി. നഗരത്തിൽ ഒരു യാത്രായുടെ ആരംഭം മുതൽ അവസാന പോയിന്റ് വരെ മറ്റ് യാത്ര സംവിധാനങ്ങളുമായി ബന്ധിപ്പിച്ചുള്ള ഗതാഗത സംവിധാനങ്ങളും ഏറെ പ്രശംസനീയമായ ഒരു ചുവടുവെയ്പ്പായി.
മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഇ ഓട്ടോ സർവീസുകൾ, കൊച്ചി സ്മാർട്ട് മിഷന്റെ സഹായത്തോടെ ആയിരത്തോളം സൈക്കിളുകൾ മെട്രോയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം,, ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ്, പതിനായിരത്തോളം ഓട്ടോകളെ ഉൾപ്പെടുത്തിയുള്ള കമ്പനി, സ്വകാര്യ ബസുകളെ ഉൾപ്പെടുത്തിയുള്ള 7 കമ്പനികൾ, ‘കൊച്ചി വൺ കാർഡ്’ യാത്ര പദ്ധതി, വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി നടപ്പിലാക്കുന്ന ‘കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്ക്’ എന്നിങ്ങനെയുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തത് നടപ്പിലാക്കുന്നതിന് മുൻകൈ എടുത്തതാണ് കൊച്ചി നഗരത്തെ അവാർഡ് കമ്മിറ്റി ശ്രദ്ധിക്കുവാനുള്ള പ്രധാന കാരണം.
ഈ അംഗീകാരം മുന്നോട്ടുള്ള യാത്രക്ക് വലിയോരു ഊർജ്ജമാണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്സ്ബുക്ക് കുറിപ്പ് ചുവടെ:
“കൊച്ചി നഗരത്തിലെ ഗതാഗത സംവിധാനം ഏറെ പ്രശംസകൾ പിടിച്ച് പറ്റിയ ഒന്നാണ്. കേരളത്തിന് ഏറ്റവും മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡിനർഹമാക്കിയത് കൊച്ചി നഗരത്തിലെ പൊതു ഗതാഗത സംവിധാനമാണ്.
മെട്രോയാണ് നമ്മുടെ ഏറ്റവും പ്രധാന ആകർഷണീയത. നമ്മുടെ നാട്ടിൽ നടപ്പിലാവുന്ന വാട്ടർ മെട്രോയും ഏറെ പ്രശംസ പിടിച്ചു പറ്റുന്നതാണ്. സൈക്കിൾ ട്രാക്കുകളും , മെട്രോയും , വാട്ടർ മെട്രോയും ,ബസും , ഇ- ഓട്ടോ റിക്ഷയും എല്ലാം ചേരുമ്പോൾ നമ്മുടെ നഗരത്തിലെ ഗതാഗത സംവിധാനം പരസ്പര ബന്ധിതമാവുകയാണ്. ഉദാഹരണത്തിന് മെട്രോയിൽ ഇറങ്ങുന്ന ഒരാൾക്ക് സൈക്കിൾ യാത്ര ചെയ്യാനും അല്ലെങ്കിൽ ഇ-ഓട്ടോ / ഓട്ടോയെ ആശ്രയിക്കാനും അതുമല്ലെങ്കിൽ ബസ്സിൽ പോകാനും ഒട്ടും ബുദ്ധിമുട്ടില്ലാതെ നമ്മുടെ നഗരത്തിൽ സാധിക്കും. ഇതിനെയാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സിസ്റ്റം എന്ന് പറയുന്നത്. ഇത്തരത്തിൽ ഗതാഗത സംവിധാനത്തെ പരസ്പര ബന്ധിതമാക്കുന്നതിനോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനു നമ്മൾ എടുത്ത സമീപനങ്ങൾ വളരെ പ്രധാനമാണ്. അതിന്റെ ഭാഗമാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ . ജർമ്മൻ ഗവൺമെന്റിന്റെ സഹായത്തോടെ (GIZ) ഓട്ടോ റിക്ഷാ സൊസൈറ്റിയുമായി ചേർന്ന് കൊച്ചി നഗരസഭ നടപ്പിലാക്കുന്നത്. മെട്രോ കോറിഡോറുകളിലും ഇ- ഓട്ടോ ഇപ്പോൾ ലഭ്യമാണ്.
സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. കാൽനടക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതും നമ്മുടെ ലക്ഷ്യമാണ്. സ്മാർട്ട് സിറ്റി പദ്ധതികൾ യാഥാർത്ഥ്യമാവുന്നതോടെ മനോഹരമായ ഒരു ഗതാഗത സംവിധാനത്തിലേക്ക് നമ്മൾ വഴിമാറും.
ലോകത്തു തന്നെ അപൂർവ്വമായി കാണുന്ന ഒന്നാണ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോരിറ്റി എന്നത് . എല്ലാ ഗതാഗത സംവിധാനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് അർബൻ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോരിറ്റി . കൊച്ചി മേയർ അതിന്റെ ബോർഡംഗമാണ്. ഗതാഗതമന്ത്രിയാണ് അതിന്റെ ചെയർമാൻ. എല്ലാ ഗതാഗത വകുപ്പുകളും ഇതിന്റെ ഭാഗമാണ്. അടുത്തിടെ നമ്മൾ കൊണ്ടുവന്ന ആപ്ലിക്കേഷനും വിവിധ ഗതാഗത സംവിധാനങ്ങളെ ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെയൊരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോരിറ്റി സിംഗപ്പൂരിലും , ലണ്ടനിലും ഒക്കെയാണുള്ളത്. ഇന്ത്യയിൽ ഇത് കൊച്ചിയിൽ മാത്രമാണ് ഉള്ളത്. കൊച്ചി നഗരസഭ തന്നെ ഗുഡ്സ് ഓട്ടോ രംഗത്ത് പോലും ഇത്തരം പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സ്വാഭാവികമായി ഇതെല്ലാം ചേരുമ്പോൾ നമ്മുടെ നഗരത്തിന് ലോകത്തിന് തന്നെ അഭിമാനിക്കാനാവുന്ന നേട്ടങ്ങൾ നേടാൻ കഴിയും.
കാലാവസ്ഥാ വ്യതിയാനത്തെ കുറച്ച് കൊണ്ടുവരുന്ന നമ്മുടെ പരിശ്രമങ്ങൾ ലോകമാകെ അംഗീകരിക്കുന്നതാണ്. മാത്രമല്ല പൊതു ഗതാഗത സംവിധാനവും കാൽനടക്കാരുടെ സുരക്ഷിതത്വവും സാധാരണക്കാരോടൊപ്പം ചിന്തിക്കുന്ന ഒരു നഗരത്തെ സംബന്ധിച്ച് മർമ്മപ്രധാനമായ കാര്യങ്ങളാണ്. ഇതെല്ലാം കൊണ്ടു തന്നെയാണ് കൊച്ചി നഗരത്തിൽ വച്ച് അർബൻ മൊബിലിറ്റി വർക്ക്ഷോപ്പ് നടത്തണം എന്ന് കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചത്. കോവിഡ് കാരണമാണ് അത് നടക്കാതെ പോയത്. സാർവ്വദേശീയ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെയും പ്രധാനപ്പെട്ട ഭരണകർത്താക്കളെയും ഒരുമിച്ച് കൊച്ചിയിൽ കൊണ്ടുവന്ന് ഈ നേട്ടങ്ങൾ മറ്റുള്ളവരുടെ മുൻപിൽ അഭിമാനപൂർവ്വം പങ്കുവയ്ക്കാനായിരുന്നു കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത്. ഏതായാലും നമ്മുടെ നഗരം മുന്നോട്ടു തന്നെ കുതിക്കും…
സാധാരണക്കാരോടൊപ്പം, പ്രകൃതിയോടൊപ്പo ഏകോപനത്തോടെ “.
Photo courtesy
trinity builders & Indiamart.com