കൊച്ചി വാട്ടർ മെട്രോ പുതുവർഷത്തിൽ എത്തും
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിക്ക് പുതുവർഷ സമ്മാനമായി ജല മെട്രോ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ എം ആർ എല്ലും സംസ്ഥാന സർക്കാരും. മുൻ നിശ്ചയ പ്രകാരം, വരുന്ന ജനുവരിയിൽ തന്നെ ആദ്യ ബോട്ട് പുറത്തിറക്കാൻ കഴിയുമെന്ന ശുഭാപ്തി വിശാസം കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട പത്രക്കുറിപ്പിൽ ആവർത്തിച്ചിട്ടുണ്ട്. പ്രാഥമിക പട്ടികയിൽ വരുന്ന വൈറ്റില, കാക്കനാട്, ഹൈകോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനെല്ലൂർ, ഏലൂർ എന്നിവടങ്ങളിലെ ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ അതിവേഗം പുരോഗമിക്കുന്നു. അതോടൊപ്പം തന്നെ ബോൾഗാട്ടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, സൗത്ത് ചിറ്റൂർ, മുളവുകാട് നോർത്ത്, എറണാകുളം ഫെറി എന്നിവടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളും അനുബന്ധ സംവിധാനങ്ങളുമാണ് ജല മെട്രോയിലൂടെ യാഥാർഥ്യമാകുന്നത്. ടിക്കറ്റിങ് സംവിധാനവും ആഗമന -നിർഗമന മാർഗങ്ങളും നിലവിലെ കൊച്ചി മെട്രോ റെയിൽന് സമാനമായ രീതികളാവും പിന്തുടരുക. ശാരീരിക വൈകല്യങ്ങളും ബുദ്ധിമുട്ടുമുള്ളവരെ സഹായിക്കാൻ പ്രേത്യക സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 3 വീൽ ചെയറുകളും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ബോട്ടുകളിൽ സജ്ജമാക്കിയിരിക്കും. കൊച്ചിൻ ഷിപ്യാർഡിൽ പുരോഗമിക്കുന്ന ആദ്യ ബോട്ടിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും. ഏകദേശം 100 യാത്രക്കാരെ ഉൾകൊള്ളാൻ ഈ ബോട്ടിന് സാധിക്കും. പദ്ധതി പ്രകാരം അടുത്ത നാല് ബോട്ടുകൾ മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറും. ഇങ്ങനെ ഒരു വർഷത്തിനുളളിൽ 100 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള 23 ബോട്ടുകളും 50 യാത്രക്കാരെ വഹിക്കാൻ കഴിവുള്ള 55 ബോട്ടുകളും നീറ്റിലിറങ്ങും. കിൻഫ്രയുടെ സ്ഥലത്ത് ഒരേ സമയം എട്ടു ബോട്ടുകൾക്ക് വരെ അറ്റുകുറ്റ പണികൾ നടത്താനുള്ള യാർഡും സജ്ജമാക്കിവരുന്നു.
മൊത്തം 378 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ 38 ബോട്ട് സ്റ്റേഷനുകളും 15 ജല പാതകളും ഉൾപ്പെടെ 79 കിലോമീറ്റർ വിസ്തൃതിയിൽ യാത്ര സൗകര്യമുണ്ടാവും. കൊച്ചിയിലെ വിവിധ ദ്വീപനിവാസികക്ക് ഈ യാത്ര മാർഗം ഏറെ പ്രയോജനം ചെയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

