കൊച്ചി എം ജി റോഡ് മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇനിമുതൽ അൽപ്പം താളബോധത്തോടെ, ഇഷ്ട സംഗീതമൊക്കെ ആസ്വദിച്ച് പടികളിൽ കൂടി നൃത്തചവിട്ടി കൊണ്ട് ട്രെയിൻ പിടിക്കാം.
‘മ്യൂസിക്കൽ സ്റ്റെയർ കേയ്സ്’ എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പിലാക്കി പുതു വർഷത്തിൽ മറ്റൊരു പുതുമ സമ്മാനിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. എം ജി റോഡ് സ്റ്റേഷനിലെ പടികെട്ടുകളിലാണ് പിയാനോ കീ ബോർഡ് മാതൃകയിൽ കാൽപാദം ഉപയോഗിച്ച് സംഗീതം രചിക്കാൻ സാധിക്കുന്ന രീതിയിൽ സ്റ്റെപ്പുകൾ പുനഃക്രമീകരിച്ചിരിക്കുന്നത് സംഗീതം കംപോസ് ചെയ്യുന്നതിൽ അറിവുള്ളവർക്ക് തീർച്ചയായും അവരുടെ അഭിരുചിക്കനുസരിച്ചുള്ള സംഗീത ധ്വനി രചിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനുതകുന്ന രീതിയിൽ മ്യൂസിക് നോട്ടുകളും കീയും പടികളിൽ ആലേഖനം ചെയ്തിട്ടുണ്ട്. . ഈ സംഗീത ചവിട്ടുപടികളുടെ ഉൽഘാടനം പ്രശസ്ത ഗായിക ആര്യ ദയാൽ ഗാനമാലപിച്ചു ക്കൊണ്ട് ഉൽഘാടനം ചെയ്തു. ’96’ എന്ന പ്രശസ്ത തമിഴ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമാണ് പാടിയത്. ഉൽഘാടനത്തിനു ശേഷം ഒട്ടേറെ പേർ യന്ത്ര ഗോവണികൾ ഒഴിവാക്കി സംഗീത സാന്ദ്രമായ ചുവടുകളുമായാണ് മെട്രോയിലേക്ക് കയറിയത്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി യാത്രക്കാർ കൂടുതലായി ചവിട്ടുപടികൾ ഉപയോഗിക്കട്ടെ എന്നൊരു ആശയമാണ് ഈ പദ്ധതിയിലേക്ക് നയിച്ചത്. എം ജി റോഡ് മെട്രോ സ്റ്റേഷനിലെ ബി ഭാഗത്ത് നിന്ന് ഒന്നാം നമ്പർ പ്ലാറ്റുഫോമിലേക്ക് കയറുന്ന ഭാഗത്താണ് സംഗീത-പടികൾ സജ്ജീകരിച്ചിരിക്കുന്നത്.
ട്രിയാക്സിയ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിലെ അഖിൽ, സ്മൃതി, ആനന്ദ് എന്നിവരാണ് കെ എം ആർ എൽ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജന്റെ നേതൃത്വത്തിൽ ഈ സംഗീത പടികൾ തയാറാക്കുന്നതിന് മുൻകൈ എടുത്തത്. കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇത്തരം സംവിധാനങ്ങൾ ഒരുക്കണമെന്ന് യാത്രക്കാരിൽ നല്ലൊരു വിഭാഗവും ആവശ്യപ്പെടുന്നു.