എറണാകുളം ഗോശ്രീ പാലത്തിന് സമീപമുള്ള ക്വീൻസ് വാക്ക് വേയിൽ പ്രഭാത സവാരിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഈ ആഴ്ച മുതൽ നടപ്പിലാക്കി തുടങ്ങി. ഗോശ്രീ പാലത്തിന്റെ ഭാഗത്തു നിന്ന് വരുമ്പോൾ കായലോരഭാഗമായ ഇടതു വശത്തെ റോഡ് രാവിലെ 5 മണി മുതൽ 7.30 വരെയുള്ള സമയത്ത് പൂർണമായും അടച്ചുകൊണ്ട് പ്രഭാത സവാരിക്കാർക്കും വ്യായാമം ചെയ്യുന്നവർക്കും മാത്രമായി വിട്ടു നൽകിയിരിക്കുകയാണ്. ഇടത് വശത്ത് തന്നെയുള്ള പ്രസ്റ്റീജ് ഫ്ലാറ്റ് നിവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാണ് ക്രമീകരങ്ങൾ. ഇതോടെ ഇവിടുത്തെ പതിവ് സവാരിക്കാർക്കും ജോഗേഴ്സിനും കൂടുതൽ സുരക്ഷിതമായ ഒരിടം പ്രഭാത വ്യായാമങ്ങൾക്കായി ലഭിച്ചിരിക്കുകയാണ് ഏറെ കാലമായി ഇരുവശത്തെയും റോഡുകളാണ് പ്രഭാത സവാരിക്കാർ ഉപയോഗിച്ചിരുന്നതെങ്കിലും വലതു വശത്തോട് ചേർന്നുള്ള ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. വൈകുന്നേരങ്ങളിൽ ഈ ഭാഗത്ത് എത്തുന്ന ലഘു ഭക്ഷണ ശാലകളും തൊട്ടു പിന്നിലുള്ള കാട് മൂടിയ പ്രദേശവുമെല്ലാം കുറേകാലമായി തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നതിന് കാരണമായി തീർന്നിരുന്നു. ഇതിനു പുറമേ സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിനായി സാധന സാമഗ്രികളുമായിഎത്തുന്ന ലോറികളും ട്രക്കുകളും മറ്റും സൃഷിടിക്കുന്ന പൊടി ശല്യവും രൂക്ഷമായിരുന്നു. മഴ പെയ്യുന്ന ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീര്ണമാകുമായിരുന്നു വ്യായാമത്തിനായി വരുന്നവർക്കും സ്കെയിറ്റിംഗ് ചെയുന്ന കുട്ടികൾക്കും മറ്റുമായി ഒരു പ്രേത്യക ഭാഗം വലതു വശത്തു തയാറാക്കിയിട്ടുണ്ടെങ്കിലും തെരുവ് നായ്ക്കളുടെയും വാഹനങ്ങളുടെയും ബാഹുല്യം മൂലം ഈ ഭാഗം പ്രഭാത സവാരിക്കാർക്ക് വേണ്ടവിധം പ്രയോജനപെടുത്തുവാൻ സാധിച്ചിരുന്നില്ല. ഇതിനൊക്കെ പുറമെയാണ് പുലർകാലത്ത് അമിത വേഗതയിൽ ഇതിലൂടെ പായുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഇപ്പോൾ രാവിലെ റോഡിന്റെ തുടക്ക ഭാഗത്തും അവസാന എൻഡിലും പോലീസ് സാനിധ്യം ഉള്ളത് കൊണ്ടും റോഡ് ഗതാഗതം പുനഃക്രമീകരിച്ചതിനാലും വേഗം കുറച്ചു പോകാൻ വാഹനങ്ങൾ നിർബന്ധിതമാകുന്നു.
പുതിയ ക്രമീകരങ്ങളെ ക്വീൻസ് വേയിലെ പതിവ് നടത്തക്കാർ ഏറെ ആനന്ദത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ചു തിരക്ക് കുറഞ്ഞ ഇടതുവശത്ത് കായൽ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള നടത്തവും വ്യായാമവുമെല്ലാം സമ്മാനിക്കുന്നത് ഒരു പുത്തനുണർവാണെന്നാണ് ഈ കൂട്ടരുടെ ഭാഷ്യം. കഴിഞ്ഞ 12 വർഷത്തിലധികമായി ഇവിടെ സജീവമായി നിലക്കൊളുന്ന പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ ‘പച്ചാളം വാക്ക്-മേറ്റ്സ്’ ആണ് ഗതാഗത പുനക്രമീകരണങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റും മുൻകൈ എടുക്കുന്നത്. പ്രഭാത സാവരിക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രമല്ല, പരിസരം മാലിന്യ മുക്തമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇവർ സജ്ജീവമാണ്. വാക് മേറ്റ്സ് കോർഡിനേറ്റർ സി വി ആന്റണിയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം എല്ലാ ദിവസവും രാവിലെ ഒത്തുകൂടുകയും ക്വീൻസ് വാക് വേയുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തുപോരുന്നു. ശനിയാഴ്ചകളിൽ രാവിലെ 6.30 ന് ഇവർ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ട് പോകുന്ന സംഗീത ആലാപന പരിപാടി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു വാക് വേ തീരുന്ന ഭാഗത്തുള്ള ഓപ്പൺ ജിമ്മും ഏറെ സജീവമാണ്.