കൊച്ചി നഗരത്തിലെ പ്രധാന സായാഹ്ന ഒത്തുകൂടൽ കേന്ദ്രമായ മറൈൻഡ്രൈവ് വാക്ക്-വേയിലെ പ്രവേശനം രാത്രി ഒമ്പതു മണി വരെ നീട്ടി. വൈകുന്നുരങ്ങളിൽ കുടുംബവുമായും മറ്റും ഇവിടെ എത്തുന്നവർക്ക് സമയപരിധിയെ കുറിചുള്ള ധാരണ കുറവ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയായിരുന്നു. പരാതികൾ നിരന്തരമായി ഉയർന്നതിനെ തുടർന്ന് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, ജി സി ഡി എ, ജില്ലാ ഭരണകൂടം, നഗരസഭാ പ്രതിനിധികൾ, എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വാക്ക്-വേയിൽ സൈക്ലിങും വാഹനഗതാഗതവും പൂർണമായി നിരോധിച്ചു. ജോഗിംഗിനും നടത്തത്തിനും മറ്റുമായി ഇവിടെ എത്തുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. കൂടുതൽ സി സി ടി വി കൾ സ്ഥാപിച്ചു പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കും സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവായതിനാൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചു പെട്രോളിങ്ങും കൂടുതൽ കർശനമാക്കുവാൻ തീരുമാനമായിട്ടുണ്ട്. വാക് വേയുടെ പരിസരത്തെ ടോയ്ലെറ്റുകളുടെയും മറ്റ് അറ്റുകുറ്റ പണികൾ വേഗത്തിൽ പൂർത്തീകരിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. നിർമാണ പ്രവർത്തനങ്ങളും അനുബന്ധ പുരോഗതികളും വിലയിരുത്തുന്നതിന്റെ ഭാഗമായി മേയർ എം അനിൽകുമാർ, ജി സി ഡി എ ചെയർമാൻ വി സലിം. ജില്ലാ കലക്ടർ ജാഫർ മാലിക് അദ്ദേഹത്തിന്റെ ഭാര്യയും ജില്ലാ വികസന കമ്മീഷണറുമായ അഫ്സാന പർവീൻ എന്നിവർ വാക് വേയും പരിസരവും നേരിട്ട് സന്ദർശിച്ചു. .
മറ്റൊരു പ്രധാന പ്രശ്നമായാ മാലിന്യ സംസ്കരണനത്തിനായി കൊച്ചി സ്മാർട്ട് മിഷൻ മുൻകൈ എടുത്തു വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കും. വാക് വേകളിലെ സൗന്ദര്യ വൽക്കരണത്തിന്റെ ശോഭ പൂർണമായും കെടുത്തുന്ന രീതിയിലാണ് മാലിന്യങ്ങൾ ഈ പരിസരത്തു അടിഞ്ഞു കൂടുന്നത്.
ചാത്യാത്ത് ക്വീൻസ് വാക്ക്-വേയിൽ ഭക്ഷണ മാലിന്യങ്ങൾ ഇത്തരം ബിന്നുകളിൽ കൃത്യമായി ഇടാത്തത് അവിടെ തെരുവ് നായകളുടെ സാന്നിധ്യം വൻതോതിൽ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഭക്ഷണ ഔട്ലെറ്റുകൾ സ്ഥിതി ചെയുന്ന പാതയോരത്ത് വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുമില്ല. വൈകുന്നേരങ്ങളിൽ ഇവിടെ എത്തി ലഘു ഭക്ഷണം കഴിക്കാൻ വരുന്നവർ തെരുവ് നായ്ക്കൾക്ക് ഭക്ഷണവിശിഷ്ടങ്ങൾ സ്നേഹത്തോടെ നൽകുന്നതാണ് വൻ തോതിൽ നായ്ക്കൾ പെരുകാൻ കാരണമായതെന്നാണ് അവിടെ പതിവായി സായാഹ്ന സവാരിക്കെത്തുന്നവർ പറയുന്നത്. ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി അവർ ചൂണ്ടികാട്ടുന്നു.