സംസ്ഥാനത്തെ തന്നെ ഏറ്റവും പേരെടുത്ത കലാലയങ്ങളിൽ ഒന്നായ എറണാകുളത്തെ സെയിന്റ് ആൽബേർട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൽഘാടനം ചെയ്തു. പള്ളിയും പള്ളിക്കൂടങ്ങളും നമ്മുടെ വിദ്യഭ്യാസ മേഖലക്ക് നൽകിയ പ്രാധാന്യം എണ്ണി പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ സെയിന്റ് ആൽബേർട്സ് കോളേജിനെ പ്രത്യകമായി പ്രശംസിച്ചു. ഇത്തരം കലാലയങ്ങളിലൂടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്ത്രീ ധനമടക്കമുള്ള കുറ്റ കൃത്യങ്ങൾക്കെതിരെ പോരാടാൻ യുവ തലമുറയെ പ്രാപ്തമാക്കണെമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം പി, എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ സാബു തോമസ്, വരാപ്പുഴ അതിരൂപത ആർച് ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ ഡോ ജോസഫ് കളത്തിപ്പറമ്പിൽ, കോളേജ് അസ്സോസിയേറ്റ് മാനേജർ ഫാ. ആന്റണി തോപ്പിൽ, മോൺ. മാത്യു കല്ലിങ്കൽ, പ്രിൻസിപ്പൽ ഡോ എം എ സോളമൻ പ്ലാറ്റിനം ജൂബിലി കോഓർഡിനേറ്റർ ഡോ . ജെ ജെയിംസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് നടന്ന പൊതുസമ്മേളനത്തിന്റെ ഉൽഘാടനം ജസ്റ്റിസ് സുനിൽ തോമസും, കലാസന്ധ്യയുടെ ഉൽഘാടനം നടൻ ടിനി ടോമും നിർവഹിച്ചു.
നിലവിൽ എം ജി സർവകലാശാലക്ക് കീഴിൽ 35 ഡിഗ്രി, 16 പി ജി, 10 പി എച് ഡി കോഴ്സുകളിലായി 3,500 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 1892 ൽ പ്രവർത്തനം തുടങ്ങിയ സെയിന്റ് ആൽബെർട്സ് ഹൈസ്കൂൾ ആണ് പിൽകാലത്ത് മദ്രാസ് സർവകലാശാലയുടെ അംഗീകാരത്തോടെ കോളേജ് ആയി മാറിയത്. 1946 ജൂലൈ 16 – നാണ് ആദ്യമായി സർവകലാശാലക്ക് കീഴിൽ ഇന്റെർ മീഡിയറ്റ് കോഴ്സുകളിലായി 150 വിദ്യാർത്ഥികൾ പ്രവേശിച്ചത്. 2016 ൽ കോളേജിന് ഓട്ടോണോമസ് പദവി ലഭിച്ചു.