കൊച്ചി നഗര ഹൃദയഭാഗമായ കലൂരിൽ സ്ഥിതി ചെയുന്ന പി വി എസ് ആശുപത്രി പൂർണമായും സമീപത്തെ ലിസി ആശുപത്രി ഏറ്റെടുക്കുന്നു. ലിസി അനെക്സ് എന്നായിരിക്കും പുതിയ ആശുപത്രിയുടെ പേര്. ഏതാണ്ട് രണ്ട് വർഷം മുൻപ് പ്രവർത്തനം നിലച്ച ഈ ആശുപത്രി സമുച്ചയം കഴിഞ്ഞ ഒന്നര വർഷത്തോളമായി കോവിഡ് കെയർ ആശുപത്രയായി പ്രവർത്തിച്ചു വരികയായിരുന്നു. കോവിഡിന്റെ ഒന്നും രണ്ടും തരംഗ സമയങ്ങളിൽ ഈ ആശുപത്രി കെട്ടിടം കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളിയെ പോലെയുള്ള ഒരു പ്രവർത്തനമായിരുന്നു കാഴ്ച്ചവെച്ചത്.
നിലവിലെ പദ്ധതിയനുസരിച് ആശുപത്രയിൽ ട്രോമാ കെയർ ഡിപ്പാർട്മെന്റ് ഒക്ടോബറിൽ പ്രവർത്തമാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കലൂർ മെട്രോ സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ഈ ആശുപത്രി സമുച്ചയത്തിലേക്ക് അത്യാവിശസന്ദർഭങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെട്രോ സംവിധാനത്തിലൂടെ അതിവേഗം ഇവിടേക്ക് എത്തിക്കുവാനുള്ള പദ്ധതികളും കെ എം ആർ എൽ ന്റെ സഹായത്തോടെ നടപ്പിൽ വരുത്താൻ ആലോചനയുണ്ട്. പി വി എസ് ആശുപത്രി ജീവനക്കാരുടെ രണ്ട് വർഷത്തെ മുഴുവൻ ശമ്പളവും നൽകി കൊണ്ടുള്ള ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി കഴിഞ്ഞു. ഇതുൾപ്പടെ ആശുപത്രി കെട്ടിടത്തിൽ മിനുക്ക് പണികൾ നടത്തികൊണ്ട് വ്യത്യസ്ത നൂതന സജ്ജീകരണങ്ങൾ ഒരുക്കുവാൻ ഏകദേശം 250 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കാരേടൻ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. പുതുനിര ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ പി വി എസിൽ മുൻപ് ജോലി ചെയ്തിരുന്നവർക്കും മുൻഗണന ലഭിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.