കേരള ലളിത കലാ അക്കാദമിയുടെ എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിലെ ടി. കെ പത്മിനി ആർട്ട് ഗാലറിയുടെ ഉൽഘാടനം സാസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ ഉൾപ്പെടെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ടി. കെ പത്മിനിയുടെ പെയിന്റിംഗുകളും ഫോട്ടോകളും രേഖാചിത്രങ്ങളുമടങ്ങിയ സ്കെച്ച് പുസ്തകങ്ങളും അപൂർവ്വ രേഖകളുമടങ്ങിയ ശേഖരമാണിത്. മുഴുവൻ പെയിന്റിംഗുകളും ഉൾക്കൊള്ളിക്കുന്ന വിധത്തിൽ പിൽക്കാലത്ത് ഗാലറി വിപുലീകരിചു കാണാൻ ആഗ്രഹിക്കുന്നതായി ഈ പ്രമുഖ ചിത്രകാരിയുടെ ജീവിതം ആസ്പദമാക്കി ‘പദ്മിനി’ എന്ന സിനിമ സംവിധാനം ചെയ്ത പ്രശസ്ത സാഹിത്യകാരൻ സുസ്മേഷ് ചന്ദ്രോത്ത് പ്രേത്യാശാ പ്രകടിപ്പിച്ചു. “ടി. കെ പത്മിനിയുടെ മരണത്തിന് 50 ആണ്ടുകൾ കഴിയുമ്പോൾ സാംസ്കാരിക ഭരണകൂടം പ്രകടിപ്പിക്കുന്ന കൃതജ്ഞത കൂടിയാണിത. പ്രതിഭകൾക്ക് മരണമില്ല എന്ന സത്യം കാലം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും”, അദ്ദേഹം കൂട്ടി ചേർത്തു.
ഗാലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്മിനി സിനിമയുടെ പ്രദർശനവും നടന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രദർശനങ്ങൾ നിന്നുപോയ പത്മിനി സിനിമയുടെ 53 മത് പൊതു പ്രദർശനമാണ് ഇന്നലെ നടന്നത്. 1969 യിൽ 29 – )൦ വയസിൽ അന്തരിച്ച പ്രശസ്ത ചിത്രകാരി പൊന്നാനി കാടഞ്ചേരി കുടുംബാംഗമായ ടി കെ പദ്മിനിയുടെ ചിത്രങ്ങളും അവർക്കു ലഭിച്ച പുരസ്കാരങ്ങളും അവരുടെ കത്തുകളും ഫോട്ടോകളും ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമിയുടെ ഈ വർഷത്തെ കലണ്ടറിന്റെ തീം ടി. കെ പത്മിനിയുടെ പെയിന്റിംഗുകളാണ്. അവരുടെ സ്കെച്ച് പുസ്തകത്തിലെ രേഖാചിത്രങ്ങൾ ഉൾപ്പെടുത്തിയ കവർച്ചിത്രത്തോടു കൂടിയ കലണ്ടറിൽ ലഘുജീവചരിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
100 രൂപയാണ് വില. കലണ്ടറിനപ്പുറം ഒരു സ്മരണിക പോലെയോ ആൽബം പോലെയോ സൂക്ഷിച്ചു വെയ്ക്കുവാൻ ഉതകുന്നതാണ്.