കാഴ്ചകൾ കണ്ടു കൊണ്ട് മൂന്നാറിലെ തണുപ്പിലേക്ക് സൈക്കിൾ ചവിട്ടാം
കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ തൃപ്പൂണിത്തുറയിലെ പെഡൽ ഫോഴ്സ് നാലാം വർഷത്തിലേക്കു കടക്കുന്നതിൻ്റെ ഭാഗമായി ഡി ടി പി സി ഇടുക്കി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, കൊംമ്പാൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു. 2019 ലെ യാത്രയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇവർ മൂന്നാറിലേക്ക് സൈക്കിൾ യാത്രക്ക് ഒരുങ്ങുന്നത്
എന്തിനും ഏതിനും കാറും ബൈക്കും നിരന്തരം ഉപയോഗിക്കുന്നത് കേരളത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് സൈക്കിൾ പാതയ്ക്ക് വേണ്ടിയും, സൈക്കിൾ യാത്ര ജനകീയമാക്കാനും അതിലൂടെ കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിംഗ് സൗഹൃദ സംസ്ഥാനമാക്കാനുമായി യാത്ര സംഘടിപ്പിക്കുന്നതെന്നു പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു പറഞ്ഞു. ഓയിൽ സംരക്ഷണം, സാമ്പത്തിക പുരോഗതി, പ്രകൃതി സംരക്ഷണം എന്നിവ സൈക്കിളിലുടെ നേടാം തുടങ്ങിയ സന്ദേശങ്ങളുമായി ഡിസംബർ 13 വെളുപ്പിന് തൃപ്പൂണിത്തുറ ഹിൽ പാലസ് ഹോട്ടലിൽ നിന്നും കോവിഡ് സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരംഭിക്കുന്ന യാത്ര എറണാകുളം ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു വൈകിട്ട് മുന്നാറിലെത്തും
യാത്രയിൽ പങ്കെടുക്കുന്നവർക്ക് T-shirts, Munnar Amber Dale, Fragrant Nature എന്നീ റിസോർട്ടുകളിൽ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. 3 ദിവസം കൊണ്ട് 300 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്ര 15 ന് വൈകിട്ട് തൃപ്പൂണിത്തുറയിൽ തിരിച്ചെത്തും. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും, പുരുഷൻമാർക്കും യാത്രയിൽ പങ്കെടുക്കാം. പേര് നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898.