ഇത്തവണ കൊച്ചി മിസ് ചെയ്യും; മഞ്ഞപ്പടയുടെ ആരവവും കാൽപന്തുകളിയുടെ മനോഹാരിതയും
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് ബ്ലാസ്റ്റേഴ്സഴ്സ് ടീമിന്റെ പന്ത്രണ്ടാമൻ എന്ന് വിളിപ്പേരുള്ള ആരാധകക്കൂട്ടമായ മഞ്ഞപ്പടയില്ലാതെ.
ജയവും പരാജയവും മാറിമറിയുകയും പല തിരിച്ചടികൾക്കും സാക്ഷ്യം വഹിച്ച കഴിഞ്ഞ ആറു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ കൂടെ നിന്നവരാണ് മഞ്ഞപ്പട. ഇത്തവണ കോവിഡ് പ്രതിസന്ധിമൂലം ഐ എസ് എൽ ഏഴാം സീസൺ നടക്കുന്നത് ഗോവയിൽ ആണ്. അവിടെ ഏറെകുറേ ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കാൻ ഇറങ്ങുമ്പോൾ അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുനത് മഞ്ഞപ്പടയുടെ നിലക്കാത്ത കരഘോഷങ്ങൾ ആയിരിക്കും. കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ആർത്തലച്ചു ആർപ്പു വിളിക്കുവാനും ഓരോ തവണയും ഗോൾ വല കുലുങ്ങുമ്പോഴും ആർത്തിരമ്പിയിരുന്ന മഞ്ഞ തിരമാലകൾ ഇത്തവണ ഇല്ലാത്തതും ബ്ലാസ്റ്റേഴ്സ് കളിക്കാർക്കും ആരാധകർക്കും വലിയ നഷ്ടം തന്നെയാണ്. സ്ഥിരമായി സ്റ്റേഡിയത്തിൽ വന്നു കളി കണ്ടു ശീലിച്ചവർക്ക് ഇത്തവണ വീട്ടിലിരുന്നു കളികാണേണ്ടിവരുന്ന അവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. തിങ്ങി നിറഞ്ഞ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സുമായി കളിക്കാൻ വന്നിരുന്ന ഏതു ടീമിനെയും വിസ്മയിപ്പിച്ചിരുന്നത് മറ്റേതു ടീമിനും അവകാശപ്പെടാൻ കഴിയാത്ത മഞ്ഞപ്പട എന്ന ആരാധകവൃന്ദം തന്നെയാണ്. ഏതു ലോകോത്തര ടീമും ആഗ്രഹിക്കുന്ന പിന്തുണയാണ് കേരളബ്ലാസ്റ്റേഴ്സിനു മഞ്ഞപ്പട നൽകിവരുന്നത്. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ കൊച്ചി നഗരം ഫുട്ബോൾ ആവേശത്തിൽ അമരേണ്ട സമയമായിരുന്നു. മുൻകാലങ്ങളിൽ ഓരോ കളിക്ക് മുൻപും മലബാർ മേഖലയിൽ നിന്ന് കൊച്ചി നഗരത്തിൽ വന്നിറങ്ങിയിരുന്ന ഫുട്ബോൾ പ്രേമികളുടെ ബാഹുല്യം ഏവരെയും അമ്പരപ്പിച്ചിരുന്നു . ഐ എസ് എൽ ഫുട്ബോൾ മേളക്ക് കൊച്ചിയുടെ മണ്ണിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ കാൽപ്പന്തു കളിയോടുള്ള മലയാളികളുടെ അഗാധമായ സ്നേഹത്തെയും ആദരവിനെയുമാണ് ലോകത്തിനു കാട്ടിക്കൊടുത്തത്.
ബാംബോളി സ്റ്റേഡിയത്തിൽ നാളെ തുടങ്ങുന്ന ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എ ടി കെ പഴയ ടീമല്ല, ഇന്ത്യൻ ക്ലബ് ഫുട്ബാൾ രംഗത്തെ അതികായന്മാരും കൊൽക്കത്ത നഗരത്തിന്റെ അഭിമാന ക്ലബ്ബുമായ മോഹൻ ബഗാൻ അവരോടൊപ്പം ചേർന്നതോടെ ടീം കരുത്തും ആരാധക വൃന്ദവും പതിൻ മടങ്ങു വർധിച്ചിട്ടുണ്ട്. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് കരുത്തു തെളിയിക്കും എന്നു തന്നെയാണ് മഞ്ഞപ്പടയുടെ പ്രതീക്ഷയും പ്രാർത്ഥനയും.