കൊച്ചിയെ പുളകമണിയിച്ച് സീ പ്ലെയിൻ ലാൻഡിങ്ങും ടേക്ക് ഓഫും
ജല സമൃദ്ധമായ കൊച്ചിയിൽ ഏറെ കാലമായി മുഴങ്ങി കേൾക്കുന്ന ഒരാവിശ്യമാണ് സീപ്ലെയിൻ അനുബന്ധ ലാൻഡിംഗ് സൗകര്യങ്ങളും സർവീസുകളും. കുറച്ചു വർഷങ്ങൾക്കു മുൻപ് കൊല്ലത്തും ആലപ്പുഴയിലും സമാനരീതിയുള്ള സർവീസുകൾ ആരംഭിക്കുന്നു എന്ന കേട്ടപ്പോൾ അത് കൊച്ചിയിലേക്കും വരുമെന്ന് വ്യാമോഹിച്ചവർ ഏറെ. എന്നാൽ ഇന്നലെ ഏതാനും മണിക്കൂർ നേരത്തേക്ക് കൊച്ചി കായലിൽ വിശ്രമിച്ച സീ പ്ലെയിൻ ആണ് വാർത്തകളിൽ നിറഞ്ഞു നില്കുന്നത്.
ഇന്നലെ ഉച്ചക്ക് 12.40 നാണ് മാല ദ്വീപിൽ നിന്നു ഗുജറാത്തിലേക്കുള്ള മടക്ക യാത്രക്കിടെ ഇന്ധനം നിറക്കുന്നതിനായി വിമാനം തേവരക്കും വില്ലിങ്ടൺ ദ്വീപനുമിടയിലുള്ള വെണ്ടുരുത്തി ചാനലിൽ ഇറങ്ങിയത്. കൊച്ചി കപ്പൽ ശാലയ്ക്ക് സമീപമുള്ള വെല്ലിങ്ടൺ ദ്വീപിലെ നേവൽ ജെട്ടിക്ക് അടുത്ത് ഇറങ്ങിയ വിമാനം സമീപത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻന്റെ സംവിധാനത്തിലൂടെയാണ് ഇന്ധനം നിറച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി കായലിൽ എത്തിയ ഈ ചെറു വിമാനത്തെ ദക്ഷിണ നാവിക കമാണ്ടന്റ് വൈസ് അഡ്മിറൽ എ കെ ചാവ്ലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 1953 ഫെബ്രുവരിയിൽ സമാന രീതിയിൽ സീ ലാൻഡ് വിമാനം ഇറങ്ങിയത് ഈ അവസരത്തിൽ സേന അധികൃതർ അനുസ്മരിച്ചു. കൊച്ചിയിലെ ഈ അപ്രതീക്ഷിത അഥിതിയെ സ്വീകരിക്കാൻ സ്പൈസ് ജെറ്റ്, സിയാൽ അധികൃതരും സ്ഥലത്തുണ്ടായിരുന്നു. വൈകിട്ട് 3 ന് യാത്ര പുനരാരംഭിച്ച വിമാനം സന്ധ്യയോടെ ഗോവയിലെത്തി.