മലയാള സിനിമാപ്രേമികൾക്ക് ഏറെ വൈകാരിക അടുപ്പമുള്ള എം ജി റോഡിലെ ഷേണായീസ് സിനിമാശാല ഒരു നീണ്ട കാലയളവിനു ശേഷം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മുട്ടിയുടെ “ദ പ്രീസ്റ്റ്”. പുതുക്കി പണിയുന്നതിനു വേണ്ടി നാല് വർഷം മുൻപ് സിനിമ പ്രദർശനം നിർത്തി വച്ച ഷേണായീസ് തിയറ്റർ ഫെബ്രുവരി 4 ന് തുറക്കുമ്പോൾ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാണികൾ കാണാൻ പോകുന്നത് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന “ദി പ്രീസ്റ്റ്” എന്ന ചിത്രമാണ്.
ഈകാലയളവിനുള്ളിൽ കൊച്ചി നഗരത്തിന്റെ രൂപത്തിലും ഭാവത്തിലും സിനിമ അഭിരുചികളിലുമൊക്കെ ഏറെ മാറ്റങ്ങൾ വന്നുവെങ്കിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ തകർത്തോടിയ ഷേണായിസ് അടഞ്ഞു കിടക്കുന്ന കാഴ്ച ഏറെ കാലമായി മലയാള ചലച്ചിത്ര പ്രവർത്തകരുടെ ഒരു നൊമ്പരമായിരുന്നു. പുതു വർഷത്തിലെ ആദ്യ മലയാള സൂപ്പർതാരങ്ങളുടെ ചിത്രം തന്നെ പ്രദർശനത്തിന് വന്നെത്തുന്നതും സിനിമ പ്രേമികൾ ഏറെ ആവേശത്തോടെയാണ് കാണുന്നത്.
തിയറ്ററിലെ അവസാനവട്ട മിനുക്കു പണികൾ ധ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻെറ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തിറക്കാത്ത പോസ്റ്റർ ഷേണായിസിന്റെ മുകൾ ഭാഗത്ത് തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.