കലൂർ ബസ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് മാത്രമായി ഒരു കാത്തിരിപ്പ് കേന്ദ്രം
കൂടുതൽ സ്ത്രീ സൗഹൃദ ആശയത്തോടെ വിശാലമായ ഒരു ഫീഡിങ് റൂം സൗകര്യത്തോടു കൂടി എറണാകുളം കലൂർ ബസ് സ്റ്റാൻഡ് ബസ് ഷെൽട്ടർ നവീകരിച്ചു. കാത്തിരിപ്പു കേന്ദ്രം ചലച്ചിത്ര താരം ആശ ശരത്തും ഫീഡിങ് റൂം ഡി സി പി ജി പൂങ്കുഴലിയും ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ, കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ എന്നിവർ പങ്കെടുത്തു.
176 ചതുരശ്ര അടി വിസ്തൃതിയിൽ, നവീന ഇരിപ്പിടങ്ങളോടുകൂടി തയാറാക്കിയ ഫീഡിങ് റൂമിൻറ്റെ പ്രധാന ആഘർഷണം കാർട്ടുണിസ്റ് രതീഷ് രവി വരച്ച ചിത്രമാണ്. മനോഹരമായ ഈ ചിത്രം അകത്തേക്ക് കടന്നു വരുന്ന ആരെയും പെട്ടെന്ന് ആകർഷിക്കും. പുറത്ത് നിരീക്ഷണ ക്യാമറകൾ, മനോഹരമായ ഇരിപ്പിടങ്ങൾ, ടെലിവിഷൻ സെറ്റുകൾ, ശാരീരിക വൈകല്യമുള്ളവർക് ബസിലേക്ക് കയറാൻ സഹായകമായ റാംപ്, എന്നിവയെല്ലാമാണ് ഈ കാത്തിരിപ്പു കേന്ദ്രത്തെ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലെ ബസ് ഷെൽറ്ററുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതിനോട് ചേർന്നുള്ള ശുചിമുറിയുടെ മുൻഭാഗം ടൈൽസ് വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. മുൻപ് ഈ ഭാഗത്തുണ്ടായിരുന്ന കിണർ അതെ പടി നിർത്തി കൊണ്ടാണ് ഷെൽട്ടർ നവീകരിച്ചിരിക്കുന്നത്. നഗര കേന്ദ്രത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ കാത്തിരിപ്പു കേന്ദ്രമില്ല എന്ന പരാതി വ്യാപകമായതാണ് ഫീഡിങ് റൂം എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.