നഗര വികസനം നേരിൽ കാണുവാനും കൊച്ചി മെട്രോയുടെയും അനുബന്ധ പദ്ധതികളുടെയും പുരോഗതി വിലയിരുത്തുവാനും ഫ്രഞ്ച്, ജർമൻ, യൂറോപ്യൻ യൂണിയൻ അംബാസിഡർമാർ ഉൾപ്പെട്ട ഒൻപതംഗ സംഘം കൊച്ചി സന്ദർശിച്ചു മടങ്ങി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയുടെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കൊച്ചിൻ ഷിപ്പ്യാർഡിൽ നടക്കുന്ന ജല മെട്രോ നിർമാണം സംബന്ധിച്ചു സംഘം വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടതുകയും ചെയ്തു. കൂടാതെ വാട്ടർ’മെട്രോ നിർമാണവും മുട്ടത്തെ ഓപ്പറേഷൻ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമെല്ലാം സംഘം നേരിട്ട് സന്ദർശിച്ചു പുരോഗതികളും പ്രവർത്തരീതികളുമെല്ലാം വിലയിരുത്തി. നഗര വികസനവും പദ്ധതികളുടെ പുരോഗതിയെല്ലാം വിലയിരുത്തുവാൻ സംഘത്തിൻറെ യാത്ര മെട്രോയിൽ മാത്രമല്ലായിരുന്നു. സംഘം ബസിലും സൈക്കിളിലുമെല്ലാം യാത്ര ചെയ്തു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലെനെയ്ൻ, ജർമൻ അംബാസഡർ വാൾട്ടർ ജെ.ലിൻഡ്നർ, യൂറോപ്യൻ യൂണിയൻ അംബാസഡർ യൂഗ്യോ അസ്റ്റൃൂട്ടോ എന്നിവരാണ് സംഘത്തെ നയിച്ചത്. നഗര വികസന പദ്ധതികളിൽ കൊച്ചിയുമായി കൂടുതൽ സഹകരണത്തിന് താത്പര്യമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ അംബാസഡർ യൂഗ്യോ അസ്റ്റൃൂട്ടോ അറിയിച്ചു.ലോകോത്തരമാണ് കൊച്ചി മെട്രോ എന്നായിരുന്നു ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലെനെയ്ന്റെ അഭിപ്രായം.രണ്ടു മാസത്തിനകം ജലമെട്രോ ഉദ്ഘാടനത്തിനു വീണ്ടുമെത്തുമെന്ന് ജർമൻ അംബാസഡർ വാൾട്ടർ ജെ.ലിൻഡ്നർ പറഞ്ഞു. കളക്ടർ എസ്. സുഹാസ്, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ. ജാഫർ മാലിക് എന്നിവരും സംഘത്തെ അനുഗമിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.
യൂറോപ്യൻ പ്രധിനിധി സംഘത്തിന്റെ മനസിൽ ഇടം നേടി കൊച്ചി.
59