ഇന്ന് 12.12.2020. കോവിഡ് പ്രതിസന്ധികളും മറ്റും ഇല്ലായിരുന്നെങ്കിൽ ഇന്ന് കൊച്ചി ബിനാലെയുടെ അഞ്ചാം എഡിഷന് തിരശീല ഉയർന്നേന്നെ. ഒരു വർഷം മുൻപ് തന്നെ ആരംഭിച്ച ബിനാലെ 2020 യുടെ പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുമ്പോഴാണ് കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗൺ പ്രതിസന്ധികളും ഉടലെടുക്കുന്നത്. എന്നാലും ഡിസംബർ മാസത്തോടെ പ്രശനങ്ങൾക്ക് ഒരു ശമനമുണ്ടാവുമെന്നും പ്രതീക്ഷിച്ചതു പോലെ ബിനാലെ നടക്കുമെന്നും പൊതുവെ ഒരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ബിനാലെ അധികൃതർ പത്രക്കുറിപ്പിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുത്തിയിരുന്നു. കോവിഡ് വ്യാപനം മൂലം മുൻ കാലങ്ങളിലെ പോലെ മൂന്നു മാസം നീണ്ടു നിൽക്കുന്ന രീതിയിൽ ഫെസ്റ്റ് സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന പ്രസ്താവന കലാ-സാംസ്കാരിക പ്രേമികൾ അല്പം നിരാശയോടെയാണ് ശ്രവിച്ചത്. എന്നാൽ സ്റ്റുഡൻറ് ബിനാലെ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ മറുവശത്തു തുടർന്നിരുന്നു.
പുതുക്കിയ സമയക്രമ പ്രകാരം അടുത്ത എഡിഷൻ ആരംഭിക്കുക 2021 നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ ആയിരിക്കും. 3 മാസത്തോളം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് 2022 ജനുവരി 31 ന് സമാപിക്കും. ക്രിസ്മസ് – ന്യൂ ഇയർ സമയത്ത് കൊച്ചി – ഫോർട്ട് കൊച്ചി മേഖലയിലെ ഉത്സവസമാനമായ അന്തരീക്ഷം പൂർണമായി ഉപയോഗപ്രദമാക്കുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ ആണ് അടുത്ത ബിനാലെ കാത്തു വച്ചിരിക്കുന്നത്. ശുബിഗി റാവൂ ക്യൂറേറ്റർ ആയി എത്തുന്ന 2021 ബിനാലെ ഏറെ പുതുമകൾ നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നുണ്ട്.
2012 ൽ ആരംഭിച്ചു ഇത് വരെ 4 എഡിഷനുകൾ പിന്നിട്ട കൊച്ചി – മുസിരിസ് ബിനാലെ സീരീസ് കൊച്ചിയുടെ സാംസ്കാരിക പുരോഗതിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. കൊച്ചി നഗരത്തിന്റെ ആഗോള പ്രശസ്തിക്ക് ആക്കം കൂട്ടാൻ ബിനാലെയുടെ ഓരോ എഡിഷനും കഴിഞ്ഞു എന്നത് ഏറെ സ്മരണീയമാണ്. ലോകത്തിൻെറയും രാജ്യത്തിൻറെയും വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കലാകാരന്മാരും കലാസ്വാദകരും മാധ്യമ പ്രവർത്തകരും കൊച്ചിയുടെ മനോഹരമായ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചിട്ടാണ് മടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ടുറിസം മേഖല തിരിച്ചു വരവിന് ഒരുങ്ങുമ്പോൾ 2021 ബിനാലെയുടെ തയാറെടുപ്പുകൾ അതിന് കൂടുതൽ കരുത്തു പകരുന്ന പ്രക്രിയയായി മാറുമെന്നതാണ് ഏറെ പ്രതീക്ഷ ഉണർത്തുന്ന മറ്റൊരു കാര്യം. കോവിഡ് പ്രതിസന്ധികളൊന്നും ഇല്ലാത്ത അടുത്ത ബിനാലെക്കായി ഇനിയും ഒരു വർഷത്തോളം ക്ഷമയോടെ കാത്തിരിക്കാൻ കൊച്ചിക്കാരും കലാപ്രേമികളും മാനസികമായി തയാറായി കഴിഞ്ഞിരിക്കുന്നു.