കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികൾക്കാണ് ഈ രണ്ടു ദിവസങ്ങൾക്കുളിൽ വ്യത്യസ്ത വേദികളിലായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും ഉൽഘാടനം ചെയ്തത്. വൻ വികസന സാദ്ധ്യതകൾ ഉള്ള ഈ പദ്ധതികൾ യത്ഥാസമയങ്ങളിൽ പൂർത്തീകരിക്കപ്പെടുകയാണെങ്കിൽ കൊച്ചി നഗരം ദക്ഷിണേന്ത്യയിലെ ഏറ്റവും മുന്തിയ വാണിജ്യ നഗരമായി മാറും എന്ന കാര്യത്തിൽ ആർക്കും തന്നെ അഭിപ്രായ വ്യത്യസം ഉണ്ടാകില്ല. പെട്രോ കെമിക്കൽസ്, രാസവസ്തുക്കളുടെ ഇറക്കുമതി നൈപുണ്യ വികസനം, ടുറിസം സാദ്ധ്യതകൾ എന്നീ മേഖലകളിലാണ് വമ്പൻ പദ്ധതികളുടെ പ്രഖ്യാപനവും ഉൽഘാടനകളും നടന്നത്.
ഞായറാഴ്ച കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉൽഘാടനം നിർവഹിച്ച പദ്ധതികൾ ഇവയൊക്കെയാണ്. ബി പി സി എൽ കൊച്ചി റിഫൈനറിയിലെ പ്രൊപ്പിലീൻ ഡെലിവെറ്റിവ് പെട്രോ കെമിക്കൽ പ്രോഡക്ടസ്, കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഇന്റർനാഷണൽ ക്രൂസ് ടെർമിനൽ, കൊച്ചി ഷിപ്യാർഡ് നിർമ്മിച്ച സാഗർ വിജ്ഞാൻ ക്യാമ്പസ്, വെല്ലിങ്ടൺ ഐലൻഡ് – ബോൾഗാട്ടി റോ റോ സർവിസ് നടത്തുന്ന പുതിയ യാനങ്ങൾ, ഫാക്ടിനു വേണ്ടി തുറമുഖത്തു പുനർനിർമ്മികുന്ന കോൾ ജെട്ടിയുടെ ശിലാസ്ഥാപനം എന്നിവയാണ് ആ പ്രധാന ചടങ്ങുകൾ.
ഇതിനു പുറമെയാണ് പ്രധാനപ്പെട്ട മറ്റ് 3 പരിപാടികളുടെ ഉൽഘാടനം ഇന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉൽഘാടനം ആണ് ഇതിൽ ഏറെ പ്രധാനപ്പെട്ടത് . വാട്ടർ മെട്രോയുടെ വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള റൂട്ടാണ് ഇത്. പേട്ടയിൽ നിർമ്മാണം പൂർത്തിയായ പനംകൂട്ടി പുതിയ പാലം, കൊച്ചി നഗരത്തിലെ വിവിധ കനാലുകളുടെ നവീകരണ പദ്ധതി എന്നിവയാണ് ഇന്ന് ഉൽഘാടനം ചെയ്ത മറ്റ് ചില പദ്ധതികൾ.
ഇതിനു പുറമെ നവീകരിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉൽഘാടനവും കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. എറണാകുളം എം എൽ എ ടി ജെ വിനോദ് സ്ഥലം എം പി ആയ ഹൈബി ഈഡനും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. ചെറിയ ചില അറ്റുകുറ്റ പണികൾക്ക് ശേഷം ഉടൻ തന്നെ ഇത് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.