കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ജല മെട്രോയുടെ ബോട്ടുകൾ ട്രയൽ റൺ ആരംഭിച്ചു. യാത്രാ സർവീസുകൾ ആരംഭിക്കുന്നതിന് മുൻപായുള്ള സുരക്ഷാ പരിശോധനകളാണ് മുഖ്യമായും നടക്കുക. ജല മെട്രോയുടെ സർവീസുകൾ ഒട്ടും കാലതാമസമില്ലാതെ ആരംഭിക്കുമെന്ന് കെ എം ആർ എൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ വൈറ്റില – കാക്കനാട് റൂട്ടിലാണ് ആദ്യ ജല മെട്രോ ആരംഭിക്കുക. ഇവിടെ നിർമ്മിച്ച ടെർമിനലിന്റെ ഉൽഘാടനം മുൻപ് തന്നെ കഴിഞ്ഞിരുന്നു. ഈ പദ്ധതി യാതാർഥ്യമാകുന്നതോടെ കൊച്ചി നഗരത്തോട് ചേർന്നു നിൽക്കുന്ന പത്തു ദ്വീപുകളെ സുഗമമായി ബന്ധിപ്പിക്കുന്ന ഒരു യാത്ര മാർഗമാണ് സാധ്യമാകുന്നത്. ഏകദേശം 747 കോടി ചെലവ് കണക്കാക്കുന്ന ഈ പ്രോജക്ടിന് ജർമ്മൻ ബാങ്കായ കെ എഫ് ഡബ്ല്യൂവാണ് സാമ്പത്തിക സഹായമ നൽകുന്നത്
അതേ സമയം വാട്ടർ മെട്രോ സർവീസിന് മുന്നോടിയായി കടമ്പ്രയാറിൽ രാജഗിരി കാമ്പസിന് സമീപത്തെ താൽക്കാലിക ബണ്ട് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ മറുവശത്ത് പുരോഗമിക്കുന്നുണ്ട്. ചമ്പക്കര കനാലിൽ നിന്ന് ഉപ്പു വെള്ളം കയറുന്നതു തടയാനാണ് ഈ ബണ്ട് സ്ഥാപിച്ചത്. ബോട്ടുകൾ യാർഡിലേക്ക് കടക്കുന്നതിന് ഈ ബണ്ട് ഒരു തടസമായി നിൽക്കുന്നുണ്ട്. ജല മെട്രോ സർവീസ് ഇൻഫോ പാർക്ക് സ്മാർട്ട് സിറ്റി മേഖലകളിലേക്ക് കൂടി നീട്ടുവാൻ ഇത് അനിവാര്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.