പഴയ വസ്ത്രങ്ങൾ ഇനി കളയേണ്ട, ക്ലോത്ത് ബാങ്കിൽ നിക്ഷേപിക്കാം
ഉപയോഗിച്ച് അധികം പഴക്കം ചെന്നിട്ടില്ലാത്ത വസ്ത്രങ്ങളും, മേടിച്ച ശേഷം കൂടുതലായി ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങളും വെറുതെ എടുത്തു ആക്രിക്കാർക്ക് നൽകുന്നത് നമ്മളിൽ പലർക്കും ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇവയെല്ലാം മാലിന്യകൂമ്പാരത്തിലേക്കാണല്ലോ കൊണ്ടുപോകുന്നത് എന്ന ചിന്തയാണ് ആ ആകുലതയുടെ പ്രധാന കാരണം. ഇതിനൊരു പരിഹാരമായിട്ടാണ് പ്രശസ്ത സാമൂഹ്യ പ്രവർത്തകനും വൈദീകനുമായ ഫാദർ ഡേവിസ് ചിറമേൽ ‘ക്ലോത്ത് ബാങ്ക്’ എന്ന ആശയം മുന്നോട്ടു വെച്ച് നടപ്പിലാക്കിയിരിക്കുന്നത്. ഇങ്ങനെ ലഭിച്ച വസ്ത്രങ്ങൾ റീ മോഡൽ ചെയ്തു കുറഞ്ഞ വിലക്ക് ആവശ്യക്കാർക്ക് എത്തിക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് വൃക്ക ദാന പ്രവർത്തനങ്ങളിലൂടെയും നിരവധി സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഫാദർ ഡേവിസ് ചിറമേൽ.
ക്ലോത്ത് ബാങ്കിൽ വസ്ത്രങ്ങൾ ഏൽപ്പിക്കുമ്പോൾ ചില നിബന്ധനകളൊക്കെ ഉണ്ട്. അലക്കി തേച്ച വൃത്തിയായ വസ്ത്രങ്ങൾ വേണം ഏല്പിക്കേണ്ടത് പിന്നീട് ലഭിച്ച വസ്ത്രങ്ങളെ നാലായി തരംതിരിച്ചു വിവിധ പ്രക്രിയകളിലൂടെ റീ മോഡൽ ചെയ്ത് പുത്തൻ ഉടുപ്പുകൾ ആക്കി മാറ്റുന്നു. വസ്ത്രം വാങ്ങാനെത്തുന്നവർ പാകത്തിനുള്ള വസ്ത്രം എടുത്ത ശേഷം 25 മുതല് 50 വരെ പണമായി നൽകാവുന്നതാണ്. ക്ലോത്ത് ബാങ്കിൽ തുറന്ന ഒരു പത്രമുണ്ടാക്കും. അതിൽ വേണം പൈസ നിക്ഷേപിക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന വരുമാനം കൂടുതലായും ഉപയോഗിക്കുക വിശക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്കാവും.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ ‘ഗുഡ് വിൽ’ എന്ന സ്ഥാപനമാണ് ഈ പ്രവർത്തന രീതി പിന്തുടരാൻ പ്രചോദനമായെതെന്നു ഫാദർ പറയുന്നു. വൃക്ക ദാനത്തിന്റെ 11 ആം വാർഷിക ദിനത്തിലാണ് അച്ഛൻ ഫേസ്ബുക്കിലൂടെ ഈ ക്ലോത്ത് ബാങ്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.