‘പുത്തം പുതുകാലൈ’ ട്രെയിലർ പുറത്തുവിട്ടു.
ലോക്ക് ഡൗൺ കാലത്ത് നിരവധി പരീക്ഷണ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി വർധിപ്പിച്ച ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് ‘പുത്തം പുതുകാലൈ’. തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖർ ഒരുമിച്ചാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ മുൻനിര സംവിധായകൻ മണിരത്നം, സംഗീതസംവിധായകൻ എ ആർ റഹ്മാൻ, രാജീവ് മേനോൻ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, എന്നിവർ തങ്ങളുടെ ഫേസ്ബുക് – ഇൻസ്റ്റ പേജുകളിലൂടെയാണ് വീഡിയോ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. സുഹാസിനി മണിരത്നം, രാജീവ് മേനോൻ, ഗൗതം വാസുദേവ മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കര എന്നിവർ ഒരുക്കിയ അഞ്ചു ചിത്രങ്ങളാണ് പുത്തം പുതുകാലൈയിൽ ഉള്ളത്. ഒക്ടോബർ 16 മുതൽ ഈ ആന്തോളജി ചിത്രം പ്രദർശനത്തിന് എത്തും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ഭാഷയിലെ മുൻനിര സംവിധായകരെല്ലാം ഒരൊറ്റ സംരംഭത്തിനായി കൈകോർക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു നീണ്ട ഇടവേളക്കു ശേഷം നടൻ ജയറാമും മകൻ കാളിദാസ് ജയറാമും, വ്യത്യസ്ത കഥാ പശ്ചാത്തലത്തിൽ ഈ തമിഴ് ആന്തോളജിയിൽ ഒന്നിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇവർക്കു പുറമെ കല്യാണി പ്രിയദർശൻ, സുഹാസിനി, ശ്രുതി ഹാസൻ, അനു ഹാസൻ, ബോബി സിംഹ, ഉർവശി, ആൻഡ്രിയ ജെർമിയ, മഹേഷ്, ലീല സാംസൺ എന്നിങ്ങനെ പ്രമുഖ താരങ്ങളെല്ലാം ഈ ചിത്രത്തിൽ വിവിധ കഥാപശ്ചാത്തലങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അവതരിക്കുന്നു. എ ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് ഇന്ത്യയിലെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനത്തോടെയാണ്. അഞ്ച് കഥകൾ വ്യത്യസ്ത ബന്ധങ്ങളെക്കുറിചുള്ളതാണെങ്കിലും ലോക്ക് ഡൗൺ സമയത്ത് അവ എങ്ങനെ മുന്നോട്ട് പോയി എന്നതാണു കഥയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ദക്ഷിണേന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 16 റിലീസ് ചെയ്യും.